മണിപ്പൂരില്‍ സ്വതന്ത്ര സഞ്ചാരം നിഷേധിക്കപ്പെട്ടതായി പരാതി; റിപോര്‍ട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

Update: 2025-12-12 08:45 GMT

ഇംഫാല്‍: മണിപ്പൂരില്‍ സ്വതന്ത്ര സഞ്ചാരം നിഷേധിക്കപ്പെട്ടതായി പരാതിയില്‍ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ഇംഫാലിനെ അയല്‍ സംസ്ഥാനമായ നാഗാലാന്‍ഡിലെ ദിമാപുരുമായി ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ-2ല്‍ സുരക്ഷിതമായ യാത്ര നിഷേധിക്കപ്പെട്ട പരാതിയിലാണ് ഇടപെടല്‍. കാങ്പോക്പി ജില്ലയിലെ പോലിസിനോടും അധികാരികളോടും കമ്മീഷന്‍ റിപോര്‍ട്ട് തേടിയിട്ടുണ്ട്.

നേരത്തെയും മനുഷ്യാവകാശ കമ്മീഷന്‍ ഈ പരാതിയില്‍ ഇടപെട്ടിരുന്നു. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുകയും അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യണമെന്ന് ഓഗസ്റ്റ് 20ന് മനുഷ്യാവകാശ കമ്മീഷന്‍ ഇംഫാല്‍ ജില്ലാ മജിസ്ട്രേറ്റിനോടും കലക്ടറോടും പോലിസ് മേധാവിയോടും ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബര്‍ ഒമ്പതിനാണ് ഇംഫാല്‍ പോലിസ് മേധാവി മനുഷ്യാവകാശ കമ്മീഷന് മറുപടി നല്‍കിയത്. ഇക്കാര്യം തങ്ങളുടെ അധികാര പരിധിയില്‍ അല്ലെന്നും കാങ്പോക്പി ജില്ലയുടെ അധികാര പരിധിയിലാണ് വരുന്നതെന്നുമായിരുന്നു പോലിസ് മേധാവിയുടെ മറുപടി.

പിന്നാലെ കാങ്പോക്പി ജില്ലാ അധികാരികളോട് മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു. അടുത്ത വര്‍ഷം ജനുവരി നാലിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇംഫാല്‍ സ്വദേശിയായ അസം റോഷന്‍ സിങ്ങാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.

ഹൈവേകളില്‍ തുടരുന്ന യാത്രാ വിലക്കിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് മെയ്തി സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകള്‍ അറിയിച്ചിട്ടുണ്ട്. കുകി വിഭാഗത്തില്‍പ്പെട്ടവര്‍ തങ്ങളുടെ യാത്ര തടയുന്നുണ്ടെന്നും മെയ്തി ഓര്‍ഗനൈസേഷനുകള്‍ പറയുന്നു. താഴ്വാരത്തുള്ള എയര്‍പ്പോട്ടിലേക്കുള്ള റോഡ് തങ്ങള്‍ തടഞ്ഞിട്ടില്ലെന്നും നിക്ഷിപ്ത താല്‍പര്യക്കാര്‍ തെറ്റായ വിവരം പ്രചരിപ്പിക്കുകയുമാണെന്നും മെയ്തി ഓര്‍ഗനൈസേഷനുകള്‍ പറയുന്നു.