കര്‍ണാടക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുകയാണ് സന്തോഷ്. പ്രാഥമികാന്വേഷണത്തില്‍ സന്തോഷ് പന്ത്രണ്ടോളം ഉറക്കഗുളിക കഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കുടുംബപ്രശ്‌നങ്ങള്‍ കാരണമാവാം സന്തോഷ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് കരുതുന്നത്.

Update: 2020-11-28 05:16 GMT

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും ബന്ധുവുമായ എന്‍ ആര്‍ സന്തോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളിയാഴ്ച വൈകീട്ട് ഏഴരയോടെയാണ് സന്തോഷിനെ അമിതമായി ഉറക്കഗുളിക കഴിച്ച നിലയില്‍ താമസസ്ഥലത്ത് കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സന്തോഷിന്റെ കുടുംബത്തെ ഉദ്ധരിച്ച് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുകയാണ് സന്തോഷ്. പ്രാഥമികാന്വേഷണത്തില്‍ സന്തോഷ് പന്ത്രണ്ടോളം ഉറക്കഗുളിക കഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

കുടുംബപ്രശ്‌നങ്ങള്‍ കാരണമാവാം സന്തോഷ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് കരുതുന്നത്. കുടുംബപ്രശ്നങ്ങളില്‍ സന്തോഷ് അസ്വസ്ഥനായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിഷാദം അദ്ദേഹത്തെ ആത്മഹത്യയുടെ വക്കിലെത്തിച്ചിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നാം നിലയിലെ മുറിയില്‍ അദ്ദേഹം തനിച്ചായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു.

പുസ്തകം വായിക്കുകയായിരുന്നു. പിന്നീട് കട്ടിലില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് ഭാര്യയാണ് കണ്ടത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി അദ്ദേഹം വിഷാദാവസ്ഥയിലായിരുന്നു. ആരോടും അധികം സംസാരിക്കുന്നില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. തനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ലെന്ന് ഓഫിസിലെ ഉദ്യോഗസ്ഥനും കൂട്ടിച്ചേര്‍ത്തു. യെദിയൂരപ്പയുടെ സഹോദരിയുടെ ചെറുമകനാണ് 32കാരനായ സന്തോഷ്.

സന്തോഷിനെ മുഖ്യമന്ത്രി യെദിയൂരപ്പ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ഡോക്ടര്‍മാരുമായി സന്തോഷിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചു. വെള്ളിയാഴ്ച രാവിലെ ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നു. ഞങ്ങള്‍ 45 മിനിറ്റ് ഒരുമിച്ച് നടന്നു. വ്യാഴാഴ്ച അദ്ദേഹം ഒരു വിവാഹത്തിന് വന്നിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നും യെദിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മെയിലാണ് സന്തോഷിനെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചത്.

Tags: