ജമ്മു കശ്മീരില്‍ മേഘവിസ്‌ഫോടനം; മൂന്ന് മരണം; നിരവധി പേര്‍ കുടുങ്ങികിടക്കുന്നു

Update: 2025-04-20 08:23 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ റംബാനില്‍ മേഘവിസ്‌ഫോടനം. അപ്രതീക്ഷിത പ്രളയവും മണ്ണിടിച്ചിലും കാരണം ശ്രീനഗര്‍ ജമ്മുകശ്മീര്‍ ദേശീയ പാത അടച്ചു. ലോറികള്‍ അടക്കമുള്ള വാഹനങ്ങള്‍ പ്രളയ ജലത്തിലും മണ്ണിലും മുങ്ങിക്കിടക്കുന്നതിന്റെ ഭീകര ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്. ജമ്മു- ശ്രീനഗര്‍ ദേശീയ പാതയില്‍ നഷ്രിക്കും ബനിഹാലിനും ഇടയില്‍ പന്ത്രണ്ടോളം ഇടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്.

മേഘവിസ്‌ഫോടനത്തിലും പ്രളയത്തിലും ഇതുവരെ മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റംബാനില്‍ നിരവധി മരങ്ങള്‍ കടപുഴകിയതായും ഗതാഗതം സ്തംഭിച്ചതായും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈദ്യുതി വിതരണവും മുടങ്ങിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വ്യാഴാഴ്ച ഈ പ്രദേശങ്ങളില്‍ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു ഇതിന്റെ തുടര്‍ച്ചയായാണ് മേഘവിസ്‌ഫോടനമുണ്ടായത്.

അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രയും ശക്തിയേറിയ മഴയും കാറ്റും പ്രദേശത്ത് അനുഭവപ്പെടുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റംബാനിലെ ധരംകുണ്ഡ് ഗ്രാമത്തില്‍ നാല്‍പ്പതോളം വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. നൂറോളം ഗ്രാമീണരാണ് ഇവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. വ്യാപകമായ നാശനഷ്ടങ്ങളാണ് പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.