ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മേഘവിസ്‌ഫോടനം. ദോഡ ജില്ലയില്‍ ചൊവ്വാഴ്ച ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ നാല് പേര്‍ മരിച്ചു. കത്വ, കിഷ്ത്വാര്‍ എന്നിവിടങ്ങളിലും സമാനമായ ദുരിതങ്ങളുണ്ടായതായാണ് റിപോര്‍ട്ട്. പത്തിലധികം വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. കത്വ, സമ്പ, ദോഡ, ജമ്മു, റമ്പാന്‍, കിഷ്ത്വാര്‍ തുടങ്ങിയ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ജമ്മു ഡിവിഷനിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളും അടച്ചു.
മണ്ണിടിച്ചിലിനും പാറക്കെട്ടുകള്‍ ഇടിഞ്ഞു വീഴാനും സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ നടപടിയായി ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലൂടെയുള്ള ഗതാഗതം നിര്‍ത്തിവച്ചു. ദോഡയിലെ നദി കരകവിഞ്ഞതോടെ പ്രധാന റോഡ് ഒലിച്ചുപോയി. താവി നദി കരകവിഞ്ഞൊഴുകി. പല നദികളിലും അരുവികളിലും ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. രാത്രിയോടെ ജലനിരപ്പില്‍ ഗണ്യമായ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജമ്മു കശ്മീരില്‍ സ്ഥിതി ?ഗതികള്‍ ?ഗുരുതരമാണെന്നും ജനങ്ങള്‍ ജാ?ഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി ഇന്ന് അടിയന്തര യോഗം വിളിച്ചുചേര്‍ത്തു.
ജമ്മു മേഖലയില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി. ജലാശയങ്ങളില്‍ നിന്നും മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ മാറിതാമസിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കത്വയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. ബുധനാഴ്ച വരെ മേഘവിസ്‌ഫോടനത്തിനും പ്രളയത്തിനും ഉയര്‍ന്ന പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. ജമ്മുവില്‍ 24 മണിക്കൂറിനുള്ളില്‍ 190.4 മില്ലിമീറ്റര്‍ മഴ പെയ്തു. ഒരു നൂറ്റാണ്ടിലെ ആഗസ്ത് മാസത്തിലെ രണ്ടാമത്തെ ഉയര്‍ന്ന മഴയാണിത്.
ജമ്മു ഡിവിഷനില്‍ അടുത്ത 40 മണിക്കൂറിനുള്ളില്‍ ഇടത്തരം മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍, ബസന്തര്‍, താവി, ചെനാബ് നദികളിലെ ജലനിരപ്പ് നിലവില്‍ അലര്‍ട്ട് ലെവലില്‍ ആണ്. മുന്‍കരുതല്‍ നടപടിയായി, നദീതീരങ്ങളില്‍ നിന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും താമസക്കാരും സന്ദര്‍ശകരും വിട്ടുനില്‍ക്കണമെന്ന് കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു.
