കശ്മീര്‍: ജമ്മു കശ്മീരിലെ മേഘവിസ്ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും മരണസംഖ്യ ഉയരുന്നു. കിഷ്ത്വാറിലെ ദുരന്തത്തില്‍ 40 പേര്‍ മരിച്ചെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. രണ്ട് സിവില്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. 220 പേരെ കാണാനില്ലെന്നും റിപോര്‍ട്ടുകളുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലെ ചോസിതിയിലാണ് സംഭവം. വ്യാഴാഴ്ച ഉച്ച കഴിഞ്ഞുണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയം ഉണ്ടാവുകയായിരുന്നു. കിഷ്ത്വാറിലെ മചൈല്‍ മാതാ തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്കുള്ള പാത ആരംഭിക്കുന്നിടത്താണ് മേഘവിസ്ഫോടനവും പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. തീര്‍ത്ഥാടകരെ ഒഴിപ്പിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
ചോസിതി പ്രദേശത്ത് ഉണ്ടായ വലിയ മേഘവിസ്ഫോടനം ഗണ്യമായ നാശനഷ്ടങ്ങള്‍ക്ക് കാരണമായേക്കാമെന്ന് വ്യക്തമാക്കിയ കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് ഭരണകൂടം ഉടന്‍ തന്നെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പറഞ്ഞു. 'രക്ഷാപ്രവര്‍ത്തന സംഘം ഉടന്‍ തന്നെ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. മെഡിക്കല്‍ വിദഗ്ധര്‍ അടക്കം സംഭവസ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. നാശനഷ്ടങ്ങള്‍ ഉടനടി വിലയിരുത്തും. സാധ്യമായ എല്ലാ സഹായങ്ങളും നല്‍കും.' കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് എക്‌സില്‍ കുറിച്ചു.
