പൗരത്വ ഭേദഗതി ബില്‍: സുപ്രിംകോടതിയെ സമീപിക്കുമെന്ന് എസ്ഡിപിഐ

പൗരത്വം മതാടിസ്ഥാനത്തില്‍ നിര്‍ണയിക്കുന്നതും പരിഗണിക്കുന്നതും ഭരണഘടനയെ നിരസിക്കലാണ്. ബില്ലിന്റെ അടിസ്ഥാനം ആര്‍എസ്എസ് തത്വശാസ്ത്രമായ വിചാരധാരയാണ്. ഭരണസംവിധാനം എത്രമാത്രം വര്‍ഗീയവല്‍ക്കരിച്ചു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പൗരത്വം നല്‍കുന്നതില്‍ പോലുമുള്ള മതവിവേചനം.

Update: 2019-12-12 11:47 GMT

ന്യൂഡല്‍ഹി: മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാന്‍ വ്യവസ്ഥചെയ്യുന്ന പൗരത്വ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും ബില്ലിനെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്നും എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ബില്‍ രാജ്യത്തിന്റെ ബഹുസ്വരതയുടെ മരണമണിയാണ്. പൗരത്വം മതാടിസ്ഥാനത്തില്‍ നിര്‍ണയിക്കുന്നതും പരിഗണിക്കുന്നതും ഭരണഘടനയെ നിരസിക്കലാണ്. ബില്ലിന്റെ അടിസ്ഥാനം ആര്‍എസ്എസ് തത്വശാസ്ത്രമായ വിചാരധാരയാണ്. ഭരണസംവിധാനം എത്രമാത്രം വര്‍ഗീയവല്‍ക്കരിച്ചു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പൗരത്വം നല്‍കുന്നതില്‍ പോലുമുള്ള മതവിവേചനം.

വംശവെറിയാണ് ഇതിന്റെ അന്തസ്സത്ത. ആര്‍എസ്എസ് ആസ്ഥാനത്ത് പടച്ചുണ്ടാക്കുന്ന ബില്ലുകള്‍ നിയമമാക്കി രാജ്യത്ത് നടപ്പാക്കാനുള്ള ശ്രമം വിഫലമാക്കേണ്ടത് രാജ്യത്തെ സ്‌നേഹിക്കുന്നവരുടെ ബാധ്യതയാണ്. സമൂഹത്തെ വര്‍ഗീയമായി വിഭജിക്കാനും മതാടിസ്ഥാന രാജ്യം കെട്ടിപ്പെടുക്കാനുമുള്ള സംഘപരിവാര്‍ താല്‍പര്യമാണ് മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്നത്. ജനങ്ങളെ വിഭജിച്ച് അധികാരം എക്കാലത്തും നിലനിര്‍ത്താമെന്ന വ്യാമോഹമാണ് മോദിക്കും അമിത് ഷാക്കും. അസമില്‍ എന്‍ആര്‍സി നടപ്പാക്കാനുള്ള നീക്കത്തിനിടെ പട്ടികയില്‍ ഹിന്ദുക്കള്‍ ഉള്‍പ്പെട്ടപ്പോള്‍ ഒരൊറ്റ ഹിന്ദുവും പുറത്തുപോവേണ്ടിവരില്ലെന്നാണ് ബിജെപി ഭരണകൂടം പ്രഖ്യാപിച്ചത്. മതേതര ഇന്ത്യ മതരാഷ്ട്രമായി മാറിയിരിക്കുന്നു എന്നാണ് ഇത് തെളിയിക്കുന്നത്.

ഭരണഘടന ഉറപ്പാക്കുന്ന തുല്യനീതിയും മതേതരത്വവും സ്വാതന്ത്ര്യവും തകര്‍ത്തെറിഞ്ഞാണ് മോദി സര്‍ക്കാര്‍ ഫാഷിസ്റ്റ് അജണ്ട നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. വിദ്വേഷരാഷ്ട്രീയത്തിന്റെ അമരക്കാരന്‍തന്നെ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയായി തുടരുന്നത് രാജ്യത്തിനു ഭീഷണിയാണ്. രാജ്യത്ത് സമാധാനവും സഹവര്‍ത്തിത്വവും ആഗ്രഹിക്കുന്ന എല്ലാ വിഭാഗവും മതവിവേചനത്തിന്റെയും വിദ്വേഷരാഷ്ട്രീയത്തിന്റെയും വക്താക്കളായ ബി.ജെ.പി സര്‍ക്കാരിനെതിരേ ഐക്യപ്പെട്ട് ശക്തമായ പ്രതിഷേധവുമായി രംഗത്തുവരണമെന്നും എം കെ ഫൈസി അഭ്യര്‍ഥിച്ചു. 

Tags:    

Similar News