ചട്ടങ്ങള്‍ രൂപീകരിക്കുകയാണെന്ന് കേന്ദ്രം; പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ ജൂലൈ വരെ സമയം നീട്ടി നല്‍കി

പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് എംപി വി കെ ശ്രീകണ്ഠന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. 2020 ജനുവരി 10 മുതല്‍ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. എന്നാല്‍, പൗരത്വ നിയമഭേദഗതി 2019 പ്രകാരമുള്ള ചട്ടങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

Update: 2021-02-03 03:37 GMT

ന്യൂഡല്‍ഹി: വിവാദമായ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ രൂപീകരിക്കാനും നടപ്പാക്കാനും കേന്ദ്രസര്‍ക്കാരിന് സമയം നീട്ടി നല്‍കി. ലോക്‌സഭയിെലയും രാജ്യസഭയിലേയും സബോര്‍ഡിനേറ്റ് നിയമനിര്‍മാണ സമിതിയാണ് യഥാക്രമം ഏപ്രില്‍ ഒമ്പത്, ജൂലൈ ഒമ്പത് തിയ്യതികള്‍ വരെ കാലാവധി നീട്ടി നല്‍കിയത്. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് എംപി വി കെ ശ്രീകണ്ഠന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. 2020 ജനുവരി 10 മുതല്‍ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. എന്നാല്‍, പൗരത്വ നിയമഭേദഗതി 2019 പ്രകാരമുള്ള ചട്ടങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട് എന്നത് ഒരു വസ്തുതയാണോ ? ഒരുവര്‍ഷം മുമ്പ് പാസാക്കിയ സിഎഎയ്ക്ക് കീഴിലുള്ള ചട്ടങ്ങള്‍ ഇപ്പോഴും തയ്യാറായിക്കൊണ്ടിരിക്കുകയാണോ ? എന്നിങ്ങനെയായിരുന്നു ശ്രീകണ്ഠന്റെ ചോദ്യം. രണ്ടുവര്‍ഷം മുമ്പാണ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും നിയമം പാസാക്കിയത്. എന്നാല്‍, നിയമത്തിനെതിരേ രാജ്യമെമ്പാടും വലിയ തോതിലുള്ള പ്രക്ഷോഭമാണ് ഉയര്‍ന്നുവന്നത്. എന്നാല്‍, 2019 ഡിസംബറില്‍ രാഷ്ട്രപതി നിയമത്തിന് അംഗീകാരം നല്‍കി.

ലോകമെമ്പാടും കൊവിഡ് വ്യാപിച്ച പശ്ചാത്തലത്തിലാണ് ധൃതിപിടിച്ച് നിയമം നടപ്പാക്കുന്നതില്‍നിന്ന് കേന്ദ്രം പിന്നാക്കംപോയത്. എന്നാല്‍, കൊവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവയ്പ്പ് ആരംഭിച്ചാല്‍ നിയമം നടപ്പാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. തര്‍ക്കവിഷയമായ എന്‍ആര്‍സി (ദേശീയ പൗരത്വ രജിസ്റ്റര്‍) ദേശീയ തലത്തില്‍ പ്രാബല്യത്തില്‍ വരുത്തുന്നത് സംബന്ധിച്ച തീരുമാനം ഇപ്പോഴും ശേഷിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്ററി പാനലിനെ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയുടെ നേതൃത്വത്തിലുള്ള പാനല്‍ എന്‍ആര്‍സിക്കായി ശേഖരിച്ച വിവരങ്ങളുടെ സ്വഭാവവും സുരക്ഷയും സംബന്ധിച്ച് പൊതുജനങ്ങള്‍ പ്രകടിപ്പിച്ച ആശങ്കകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്നാണ് എന്‍ആര്‍സി നടപ്പാക്കുന്നത് വൈകിയത്. പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചുകഴിഞ്ഞാല്‍ ഇത് ഏറ്റെടുക്കുമെന്നും കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ജനുവരി 16 നാണ് ഇന്ത്യ ദേശീയ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്. പാര്‍ലമെന്ററി ചട്ടപ്രകാരം നിയമം പ്രാബല്യത്തില്‍ വന്ന തിയ്യതി മുതല്‍ ആറുമാസത്തിനുള്ളില്‍ ചട്ടങ്ങളും ഉപനിയമങ്ങളും രൂപപ്പെടുത്തുമെന്നാണ് വ്യവസ്ഥ. കാലതാമസമുണ്ടായാല്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങളും വകുപ്പുകളും സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ കമ്മിറ്റിയില്‍നിന്ന് സമയം നീട്ടി വാങ്ങണം. കാലതാമസത്തിന്റെ കാരണങ്ങള്‍ വ്യക്തമാക്കണം. ഇത് മൂന്നുമാസത്തില്‍ കൂടുതലാവാന്‍ പാടില്ലെന്നും പാര്‍ലമെന്ററി ചട്ടം വിശദീകരിക്കുന്നു.

Tags: