ബംഗളൂരുവില്‍ വനിതാ സിഐഡി ഡിവൈഎസ്പി സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

ബുധനാഴ്ച രാത്രി അന്നപൂര്‍ണേശ്വരിനഗറിലായിരുന്നു സംഭവം. ലക്ഷ്മി സിഐഡി സാമ്പത്തിക കുറ്റാന്വേഷണവിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്.

Update: 2020-12-18 04:48 GMT

ബംഗളൂരു: പശ്ചിമ ബംഗളൂരുവില്‍ വനിതാ പോലിസ് ഉദ്യോഗസ്ഥയെ സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2014 ബാച്ചിലെ കര്‍ണാടക സ്‌റ്റേറ്റ് പോലിസ് സര്‍വീസ് ഉദ്യോഗസ്ഥയും കര്‍ണാടക സിഐഡി ഡിവൈഎസ്പിയുമായ വി ലക്ഷ്മിയെ (33)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി അന്നപൂര്‍ണേശ്വരിനഗറിലായിരുന്നു സംഭവം. ലക്ഷ്മി സിഐഡി സാമ്പത്തിക കുറ്റാന്വേഷണവിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്.

ആത്മഹത്യയുമായി ബന്ധപ്പെട്ട് ലക്ഷ്മിയുടെ നാല് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. കോലാര്‍ ജില്ലയിലെ മലൂരില്‍ മസ്തി സ്വദേശിയാണ് ലക്ഷ്മി. 2012 ലാണ് ലക്ഷ്മി വിവാഹിതയാവുന്നത്. ഭര്‍ത്താവ് നവീന്‍കുമാറിനുമൊത്ത് തെക്കന്‍ ബംഗളൂരുവിലെ കൊണാനകണ്ടെ ക്രോസിനു സമീപമുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് ലക്ഷ്മി താമസിച്ചിരുന്നത്. ഇവര്‍ക്ക് മക്കളുണ്ടായിരുന്നില്ല.

ഏറെക്കാലമായി ലക്ഷ്മി വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് സുഹൃത്തുക്കളില്‍നിന്ന് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരുതവണ ആത്മഹത്യാശ്രമവും നടത്തിയിട്ടുള്ളതായി പോലിസ് പറയുന്നു. അന്നപൂര്‍ണേശ്വരിനഗറില്‍ സഹൃത്ത് മനോഹറിന്റെ ഫഌറ്റില്‍ ബുധനാഴ്ച രാത്രി എട്ടോടെ ലക്ഷ്മിയെത്തിയിരുന്നു. മനോഹറിനെ കൂടാതെ പ്രജ്വാള്‍, വസന്ത്, രഞ്ജിത് എന്നിവരും ഇവിടെ ഉണ്ടായിരുന്നു. അഞ്ചുപേരും ഭക്ഷണം കഴിച്ച ശേഷമായിരുന്നു സംഭവമെന്ന് മനോഹറിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

രാത്രി പത്തുമണിയോടെ ലക്ഷ്മി മുറിയില്‍ കയറിവാതിലടച്ചു. ഏറെനേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാതെ വന്നപ്പോള്‍ ചവുട്ടിത്തുറന്നു. ഈ സമയം ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ ലക്ഷ്മിയെ കണ്ടെന്നും മനോഹര്‍ പറയുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായും അന്വേഷണം നടത്തിവരികയാണെന്നും പോലിസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് മനോഹര്‍, ഒരു കരാറുകാരന്‍, അവളുടെ കുടുംബാംഗങ്ങള്‍ എന്നിവരെ ചോദ്യം ചെയ്യും- മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags: