ഷെയ്ഖ് ഹസീനയെ അട്ടിമറിക്കാനുള്ള നീക്കം സിഐഎ ഗൂഢാലോചന; ബംഗ്ലാദേശ് സൈനിക മേധാവി സിഐഎയുടെ പോക്കറ്റില്ലെന്നും വെളിപ്പെടുത്തല്‍

Update: 2025-11-04 08:20 GMT

ധക്ക: ബംഗ്ലാദേശിലെ അധികാര കൈമാറ്റവും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പുറത്താക്കലുമെല്ലാം അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ ഗൂഢാലോചനയാണെന്ന് വെളിപ്പെടുത്തല്‍. ഇതുവരെ പുറത്തിറങ്ങിയിട്ടില്ലാത്ത 'ഇന്‍ഷാല്ലാ ബംഗ്ലാദേശ്: ദി സ്റ്റോറി ഓഫ് ആന്‍ അണ്‍ഫിനിഷ്ഡ് റെവല്യൂഷന്‍' എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തല്‍. ഷെയ്ഖ് ഹസീനയുടെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അസദുസ്സമാന്‍ ഖാന്‍ കമാലാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഹസീനയുടെ ബന്ധു കൂടിയായ ബംഗ്ലാദേശ് സൈനിക മേധാവി വക്കര്‍ ഉസ്-സമാന്‍ സിഐഎയുടെ പോക്കറ്റിലാണെന്നും അദ്ദേഹം ഹസീനയെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നുവെന്നും അസദുസ്സമാന്‍ പറയുന്നു. ദീപ് ഹാല്‍ഡര്‍, ജയ്ദീപ് മജുംദാര്‍, സാഹിദുല്‍ ഹസന്‍ ഖോകോണ്‍ എന്നിവര്‍ ചേര്‍ന്ന് രചിച്ചതാണ് പുസ്തകം.

ഹസീനയെ അട്ടിമറിക്കാന്‍ വളരെക്കാലമായി സിഐഎ ആസൂത്രണം ചെയ്ത ഒരു തികഞ്ഞ ഗൂഢാലോചനയായിരുന്നു അത്. സിഐഎയുടെ പോക്കറ്റിലാണ് വക്കര്‍ എന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും അസദുസ്സമാന്‍ ഖാന്‍ കമാലിനെ ഉദ്ധരിച്ച് പുസ്തകത്തില്‍ പറയുന്നു. ഹസീന കഴിഞ്ഞാല്‍ ബംഗ്ലാദേശ് രാഷ്ട്രീയത്തിലെ രണ്ടാമത്തെ ഏറ്റവും ശക്തനായ വ്യക്തിയായിരുന്നു അസദുസ്സമാന്‍.