മതപരിവര്‍ത്തനം ആരോപിച്ച് രാജസ്ഥാനില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം; മലയാളി പാസ്റ്ററിന് മര്‍ദ്ദനം
ജയ്പൂര്‍: മതപരിവര്‍ത്തനം ആരോപിച്ച് രാജസ്ഥാനിലെ ജയ്പൂരില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം. പ്രതാപ് നഗറിലെ എജി ചര്‍ച്ചിന് നേരെയാണ് ആക്രമണമുണ്ടായത്. പ്രാര്‍ത്ഥന ശുശ്രൂഷക്കിടെയായിരുന്നു ആക്രമണം. മലയാളിയായ പാസ്റ്റര്‍ ബോവാസ് ഡാനിയേലിന് മര്‍ദ്ദനമേറ്റു. പാസ്റ്ററിന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
മലയാളിയായ പാസ്റ്റര്‍ ബോവാസ് ഡാനിയേലിനാണ് മര്‍ദനമേറ്റത്. പ്രാര്‍ത്ഥനക്കെത്തിയ ഗര്‍ഭിണിയായ യുവതിയെയടക്കം ആക്രമിച്ചു. ആക്രമണത്തിന് പിന്നില്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരാണെന്ന് പാസ്റ്റര്‍ ആരോപിച്ചു. മുഖത്തടിച്ചെന്നും വടി കൊണ്ട് മര്‍ദിച്ചുവെന്നുമാണ് ഇവര്‍ പറയുന്നത്. പോലിസ് ഉടന്‍ എത്തിയതുകൊണ്ടാണ് ജീവന്‍ ലഭിച്ചതെന്നാണ് പാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്.
ആക്രമിക്കാനെത്തിയവര്‍ പള്ളിയിലുണ്ടായിരുന്നവരുടെ മൊബൈല്‍ ഫോണുകള്‍ കൈക്കലാക്കിയെന്നും പരാതിയുണ്ട്. ഇതിന് ശേഷമാണ് തുടരെ തുടരെ മര്‍ദനമുണ്ടായതെന്ന് പാസ്റ്റര്‍ പറയുന്നു. പാസ്റ്റര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു.