കൊറോണ: ചൈനയില്‍ മരണം 361 ആയി; ഇന്നലെമാത്രം 57 മരണം

Update: 2020-02-03 04:33 GMT

ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് മരണനിരക്ക് 360 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 57 മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 2,829 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 17,205 ആയി ഉയര്‍ന്നു. ഇതില്‍ 2,110 പേരുടെ നില ഗുരുതരമാണ്. ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷനാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. ഇന്നലെ വരെ കൊറോണ കാരണം ചൈനയില്‍ 304 പേരാണ് മരണപ്പെട്ടത്.

    അതേസമയം, യുഎസും ഓസ്‌ട്രേലിയയും ന്യൂസിലന്റും ഫിലിപ്പൈന്‍സും അടക്കമുള്ള വിവിധ രാജ്യങ്ങളില്‍ ചൈനയില്‍ നിന്ന് വരുന്നവര്‍ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കി. വിവിധ ലോകരാജ്യങ്ങള്‍ ചൈനയിലേക്കുള്ള വിമാന സര്‍വീസുകളടക്കം നിര്‍ത്തിവയ്ക്കുകയാണ്. ഏറ്റവും ഒടുവിലായി ചൈനയിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിവച്ചത് സൗദി എയര്‍ലൈന്‍സാണ്. ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നതുവരെ ചൈനയിലേക്കും തിരിച്ചും സര്‍വീസ് ഉണ്ടാവില്ലെന്ന് അധികൃതര്‍ അറിയിച്ചു.

    ദിനംപ്രതി മരണസംഖ്യ ഉയരുന്നത് കണക്കിലെടുത്ത് കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍നിന്ന് അകലെയുള്ള മറ്റൊരു സുപ്രധാന നഗരംകൂടി ഞായറാഴ്ച ചൈനീസ് സര്‍ക്കാര്‍ അടച്ചു. വുഹാനില്‍നിന്ന് 800 കിലോമീറ്റര്‍ മാറിയുള്ള കിഴക്കന്‍ നഗരമായ വെന്‍ഷൂവാണ് അടച്ചത്. ഷെജിയാങ് പ്രവിശ്യയിലെ 90 ലക്ഷത്തോളം ആളുകള്‍ കഴിയുന്ന നഗരമാണ് വെന്‍ഷൂ. അതിനിടെ ഭീതിവിതച്ച് കൊറോണ വൈറസ് ചൈനയില്‍ പടരുമ്പോള്‍ ആവശ്യത്തിന് മാസ്‌കുകളും പ്രതിരോധ സാമഗ്രികളും കിട്ടാതെ വുഹാന്‍ നഗരം ദുരിതത്തിലാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റെഡ് ക്രോസിന്റെ ഏകോപനമില്ലായ്മയും കാര്യക്ഷമമല്ലാത്ത പ്രവര്‍ത്തനവുമാണ് മരണനിരക്ക് ഉയരാന്‍ കാരണമെന്നാണ് ഡോക്ടര്‍മാരും നഴ്‌സുമാരും ആരോപിക്കുന്നത്.




Tags: