കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോയി; രക്ഷപ്പെടുത്തി പോലിസ്
ബെംഗളൂരു: കര്‍ണാടകയിലെ ധാര്‍വാഡില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് വിദ്യാര്‍ഥികളെ നാടകീയമായി രക്ഷപ്പെടുത്തി പോലിസ്. കുട്ടികളുമായി പോയ ബൈക്ക് ഉത്തക കന്നഡ ജില്ലയിലെ ജോയ്ഡയില്‍ അപകടത്തില്‍പ്പെട്ടതോടെയാണ് പോലിസ് സമയോചിതമായി ഇടപെട്ടത്. സംഭവത്തില്‍ ഹുബ്ബള്ളി സ്വദേശി മുഹമ്മദ് കരീമിനെ പോലിസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ ഉച്ചഭക്ഷണം കഴിഞ്ഞതിന് പിന്നാലെയാണ് ധാര്‍വാഡിലെ കമലാപുര സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ നിന്ന് രണ്ട്, മൂന്ന് ക്ലാസ് വിദ്യാര്‍ഥികളെ കാണാതായത്. ക്ലാസ് മുറിയിലെത്തിയ ഒരാള്‍ കുട്ടികളെ ബൈക്കില്‍ കയറ്റി കൊണ്ടുപോയെന്ന് മറ്റ് കുട്ടികള്‍ പറഞ്ഞതോടെ രക്ഷിതാക്കളും നാട്ടുകാരും പാഞ്ഞെത്തി. പിന്നാലെ പോലിസുമെത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ 50 വയസിലേറെ പ്രായമുള്ള ഒരാള്‍ കുട്ടികളുമായി ബൈക്കില്‍ പോയെന്ന് വ്യക്തമായി. അന്വേഷണം ഊര്‍ജിതമാക്കിയതിന് പിന്നാലെയാണ് രണ്ടര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ജോയ്ഡയില്‍ ബൈക്കില്‍ രണ്ട് കുട്ടികളുമായി പോയ ഒരാള്‍ അപകടത്തില്‍പ്പെട്ടെന്ന വിവരം പോലിസിന് ലഭിക്കുന്നത്.
ഓടിയെത്തിയ പോലിസ് ധാര്‍വാഡില്‍ നിന്ന് കാണാതായ കുട്ടികളാണ് ഇതെന്ന് സ്ഥിരീകരിച്ചു. ബൈക്കില്‍ നിന്ന് വീണപ്പോള്‍ ഇരുവര്‍ക്കും നേരിയ പരിക്കേറ്റിരുന്നു. തലയടിച്ച് വീണ ബൈക്കോടിച്ച മുഹമ്മദ് കരീമിനെ പോലിസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലാക്കി. ഇയാളെ ചോദ്യം ചെയ്യാനായിട്ടില്ല. ആരോഗ്യം വീണ്ടെടുത്താല്‍ ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനാണ് പോലിസിന്റെ നീക്കം. എന്തിനാണ് കരീം കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമായിട്ടില്ല. കുട്ടികളെ പ്രഥമ ശുശ്രൂഷകള്‍ക്ക് ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. സംഭവം സര്‍ക്കാര്‍ സ്‌കൂളുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.
