ജഡ്ജിമാര്‍ സര്‍ക്കാര്‍ നിയമനം സ്വീകരിക്കുന്നതിനും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനുമെതിരെ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്

Update: 2025-06-04 08:28 GMT

ന്യൂഡല്‍ഹി: ജഡ്ജിമാര്‍ സര്‍ക്കാര്‍ നിയമനങ്ങള്‍ സ്വീകരിക്കുന്നതിലും വിരമിച്ച ഉടനെ തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നതിനുമെതിരെ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്. ഇത്തരംരീതികള്‍ ഗുരുതരമായ ധാര്‍മിക ചോദ്യങ്ങള്‍ ഉയര്‍ത്തുവെന്നും ജ്യഡീഷ്യറിയിലുള്ള പൊതുജനങ്ങളുടെ വിശ്വാസം തകര്‍ക്കുന്ന നടപടിയാണെന്നും ബിആര്‍ ഗവായ് പറഞ്ഞു. ബ്രിട്ടീഷ് സുപ്രിം കോടതി സംഘടിപ്പിച്ച ജ്യൂഡീഷ്യറിയും സ്വാതന്ത്ര്യവും എന്ന സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

'ജഡ്ജിമാര്‍ സര്‍ക്കാര്‍ നിയമനം ഏറ്റെടുക്കുകയോ, വിരമിച്ച ഉടനെ തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുകയോ ചെയ്താല്‍, അത് ജ്യൂഡീഷ്യറിയെ കുറിച്ച് ധാര്‍മ്മിക ആശങ്കകള്‍ ഉയര്‍ത്തുകയും പൊതുജന പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും' - ഗവായ് പറഞ്ഞു. ഒരു രാഷ്ട്രീയ സ്ഥാനത്തേക്ക് ഒരു ജഡ്ജി മല്‍സരിക്കുന്നത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും കുറിച്ച് പൊതുജനങ്ങള്‍ക്ക് സംശയങ്ങള്‍ക്ക് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിരമിച്ച ശേഷമുള്ള ജഡ്ജിമാരുടെ അത്തരം ഇടപെടലുകളും ജുഡീഷ്യറിയിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ ദുര്‍ബലപ്പെടുത്തും. ഭാവിയിലെ സര്‍ക്കാര്‍ നിയമനങ്ങളുടെയോ രാഷ്ട്രീയ ഇടപെടലുകളുടെയോ സാധ്യത ജുഡീഷ്യല്‍ തീരുമാനങ്ങളെ സ്വാധീനിക്കുമെന്ന ധാരണ ഇത് സൃഷ്ടിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.