വാക്‌സിന്‍ വില കുറയ്ക്കണമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും കേന്ദ്രം
നിലവില്‍ രാജ്യത്ത് കൊവിഷീല്‍ഡ്, കൊവാക്സിന്‍ എന്നിങ്ങനെ രണ്ട് വാക്സിനുകളാണ് ഉത്പാദിപ്പിക്കുന്നത്. ഐസിഎംആര്‍ സഹകരണത്തോടെ ഭാരത് ബയോടെക്കാണ് കൊവാക്സിന്‍ ഉത്പാദിപ്പിക്കുന്നത്. പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കൊവിഷീല്‍ഡ് വാക്സിന്‍ രാജ്യത്ത് നിര്‍മിക്കുന്നത്.
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്‌സിന്റെ വില കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയോടും, ഭാരത് ബയോടെക്കിനോടും ആവശ്യപ്പെട്ടുവെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു. വാക്‌സിനേഷന്റെ മൂന്നാം ഘട്ടം മെയ് ഒന്നിന് ആരംഭിക്കാനിരിക്കെ വാക്‌സിന്റെ വിലയെച്ചൊല്ലി വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വില കുറയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്.
നിലവില്‍ രാജ്യത്ത് കൊവിഷീല്‍ഡ്, കൊവാക്സിന്‍ എന്നിങ്ങനെ രണ്ട് വാക്സിനുകളാണ് ഉത്പാദിപ്പിക്കുന്നത്. ഐസിഎംആര്‍ സഹകരണത്തോടെ ഭാരത് ബയോടെക്കാണ് കൊവാക്സിന്‍ ഉത്പാദിപ്പിക്കുന്നത്. പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കൊവിഷീല്‍ഡ് വാക്സിന്‍ രാജ്യത്ത് നിര്‍മിക്കുന്നത്.
കൊവിഷീല്‍ഡ് വാക്സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപ നിരക്കിലും നല്‍കുമെന്ന് കഴിഞ്ഞ ദിവസം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസിന് 1200 രൂപ നിരക്കിലും വാക്സിന്‍ വിതരണം ചെയ്യുമെന്ന് ഭാരത് ബയോടെകും അറിയിച്ചിരുന്നു.
എന്നാല്‍ വാക്‌സിനുകള്‍ക്ക് ഉയര്‍ന്ന വില നിശ്ചയിച്ചതിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം രംഗത്ത് വരികയും വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുകയും ചെയ്തു. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാക്‌സിന്‍ വിലനിര്‍ണ്ണയം സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ എല്ലാം പശ്ചാത്തലത്തിലാണ് വാക്‌സിന്റെ വില കുറയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടതായുളള റിപോര്‍ട്ടുകള്‍ വരുന്നത്.
