റിപ്പബ്ലിക് ദിന പരേഡില്‍നിന്ന് കേരളത്തെയും പുറത്താക്കി കേന്ദ്രം

അഞ്ചുഘട്ടങ്ങളിലായി നടക്കുന്ന പരിശോധനയുടെ അടിസ്ഥാനത്തിലാണ് നിശ്ചലദൃശ്യങ്ങള്‍ തിരഞ്ഞെടുക്കുന്നത്. മൂന്നാംഘട്ടത്തിലാണ് കേരളം പുറന്തള്ളപ്പെട്ടത്. ബംഗാളാവട്ടെ രണ്ടാംഘട്ടത്തില്‍തന്നെ പുറത്തായി.

Update: 2020-01-03 02:19 GMT

ന്യൂഡല്‍ഹി: പശ്ചിമബംഗാളിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ റിപ്പബ്ലിക് ദിന പരേഡില്‍നിന്ന് കേരളത്തിന്റെയും ഫ്‌ളോട്ടുകള്‍ പ്രതിരോധമന്ത്രാലയം ഒഴിവാക്കി. കലാമണ്ഡലം, വള്ളംകളി, ആനയെഴുന്നള്ളത്ത്, മോഹിനിയാട്ടം, തെയ്യം, കഥകളി, ചെണ്ടകൊട്ട് തുടങ്ങിയ സാംസ്‌കാരിക ദൃശ്യങ്ങളും ഉള്‍ക്കൊള്ളുന്ന തുഴവഞ്ചിയും തോണിയുമാണ് കേരളം പ്രതിരോധമന്ത്രാലയത്തിലെ വിദഗ്ധസമിതിക്കുമുന്നില്‍ അവതരിപ്പിച്ചത്. വെള്ളം ലാഭിക്കുന്നതിനുള്ള മാര്‍ഗങ്ങളുള്‍പ്പെടുത്തിയ വികസനപ്രവര്‍ത്തനങ്ങളുടടെ നിശ്ചലദൃശ്യം ബംഗാള്‍ നല്‍കി. ബംഗാളില്‍നിന്നുള്ള കലാകാരനായ ബാപ്പ ചക്രവര്‍ത്തിയാണ് കേരളത്തിന്റെ നിശ്ചലദൃശ്യം സാക്ഷാത്കരിച്ചത്. അഞ്ചുഘട്ടങ്ങളിലായി നടക്കുന്ന പരിശോധനയുടെ അടിസ്ഥാനത്തിലാണ് നിശ്ചലദൃശ്യങ്ങള്‍ തിരഞ്ഞെടുക്കുന്നത്. മൂന്നാംഘട്ടത്തിലാണ് കേരളം പുറന്തള്ളപ്പെട്ടത്. ബംഗാളാവട്ടെ രണ്ടാംഘട്ടത്തില്‍തന്നെ പുറത്തായി.

ജനുവരി 26ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ നിശ്ചലദൃശ്യങ്ങള്‍ അവതരിപ്പിക്കുന്നതിന് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 32 മാതൃകകള്‍ സമര്‍പ്പിച്ചിരുന്നു. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ചേര്‍ന്ന് 24 മാതൃകകള്‍ നല്‍കി. ഇതില്‍ 16 സംസ്ഥാനങ്ങളുടേതുള്‍പ്പടെ 22 എണ്ണത്തിനാണ് കേന്ദ്രം അനുമതി നല്‍കിയത്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറുന്നതിനു തൊട്ടുമുമ്പ് 2013ല്‍ കേരളത്തിന്റെ പുരവഞ്ചിക്ക് റിപ്പബ്ലിക് ദിന പരേഡില്‍ സ്വര്‍ണമെഡല്‍ ലഭിച്ചിരുന്നു. ആദ്യമായി 1996ലാണ് കേരളം സമ്മാനം നേടിയത്. ബാപ്പ ചക്രവര്‍ത്തിയിലൂടെ നാലുതവണ ഒന്നാമതെത്തിയ കേരളത്തിന് ബിജെപി അധികാരത്തിലെത്തിയശേഷം 2018ല്‍ മാത്രമാണ് പരേഡില്‍ പങ്കെടുക്കാനായത്. ഓച്ചിറ കെട്ടുകാഴ്ചയാണ് അന്ന് അവതരിപ്പിച്ചത്.

അതേസമയം, നടപടി രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. പൗരത്വനിയമ ഭേദഗതിയിലുള്‍പ്പെടെ കേന്ദ്രസര്‍ക്കാരിനെ നിരന്തരം എതിര്‍ക്കുന്ന സംസ്ഥാനങ്ങളാണ് കേരളവും ബംഗാളും. ടാബ്ലോ പിന്‍വലിച്ചത് ബംഗാളി ജനതയോടുള്ള വെല്ലുവിളിയും അവഹേളനുമാണെന്നും പൗരത്വ ഭേദഗതി പ്രക്ഷോഭത്തില്‍ പങ്കെടുത്തതിലുള്ള പ്രതികാരമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. മഹാരാഷ്ട്രയിലാവട്ടെ ബിജെപിയുമായി ഇടഞ്ഞ് ശിവസേന സഖ്യസര്‍ക്കാരുണ്ടാക്കിയതിലുള്ള കേന്ദ്രത്തിന്റെ പ്രതികാരനടപടിയായിട്ടാണ് പുതിയ നീക്കത്തെ കാണുന്നത്. അതേസമയം, റിപ്പബ്ലിക് ദിന പരേഡ് രാജ്യത്തിന്റെ അഭിമാനമാണെന്നും അവിടെ ഏറ്റവും മികച്ചതുമാത്രമാണ് തിരഞ്ഞെടുക്കുന്നതെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നുമാണ് ജൂറി അംഗവും പ്രശസ്ത നര്‍ത്തകിയുമായ ജയപ്രദാ മേനോന്റെ വിശദീകരണം. 

Tags:    

Similar News