ബംഗാള്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വീണ്ടും ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്രം; ആവശ്യം നിരസിച്ച് ഉദ്യോഗസ്ഥര്‍
ഇന്ന് വൈകീട്ട് അഞ്ചിന് ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ ഹാജരാവണമെന്നാവശ്യപ്പെട്ടാണ് ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല ബംഗാള്‍ സര്‍ക്കാരിന് ബുധനാഴ്ച വൈകീട്ട് കത്തെഴുതിയത്.
ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ വാഹനവ്യൂഹം പശ്ചിമബംഗാളില്‍ അക്രമിക്കപ്പെട്ടതിന് പിന്നാലെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാവുന്നു. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി ബംഗാള്‍ ചീഫ് സെക്രട്ടറി അലപന്‍ ബന്ദോപാധ്യയെയും സംസ്ഥാന പോലിസ് മേധാവി വീരേന്ദ്രയെയും കേന്ദ്ര ആഭ്യന്തരമന്ത്രാലയം രണ്ടാം തവണയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. അതേസമയം, കേന്ദ്രത്തിന്റെ ആവശ്യം ഉദ്യോഗസ്ഥര്‍ നിരസിച്ചു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ നേരിട്ട് ഡല്‍ഹിയിലെത്താന്‍ കഴിയില്ലെന്നും വേണമെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കാമെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിര്‍ദേശപ്രകാരമാണ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ കേന്ദ്രത്തിന് വിശദീകരണം നല്‍കിയത്. ഇന്ന് വൈകീട്ട് അഞ്ചിന് ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ ഹാജരാവണമെന്നാവശ്യപ്പെട്ടാണ് ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല ബംഗാള്‍ സര്‍ക്കാരിന് ബുധനാഴ്ച വൈകീട്ട് കത്തെഴുതിയത്.
നഡ്ഡയുടെ വാഹനവ്യൂഹം അക്രമിക്കപ്പെട്ടതിന് പിന്നാലെ ഡിസംബര്‍ 14ന് ഉദ്യോഗസ്ഥരോട് ഡല്‍ഹിയിലെത്താന്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നിരസിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇരുവര്‍ക്കും വീണ്ടും കത്ത് നല്‍കിയത്. മൂന്ന് ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരെ നിര്‍ബന്ധിത കേന്ദ്ര ഡെപ്യൂട്ടേഷനില്‍ വിടണമെന്നുള്ള ആഭ്യന്തര മന്ത്രാലത്തിന്റെ ആവശ്യത്തിന് പിന്നാലെയായിരുന്നു ഇത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഇരുവര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയത്. അതേസമയം, നിര്‍ദേശം നിരസിച്ച മമത സര്‍ക്കാരിന്റെ നടപടിയോട് കേന്ദ്രം ഇതുവരെയായും പ്രതികരിച്ചിട്ടില്ല. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല, പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തുമെന്നാണ് റിപോര്‍ട്ടുകള്‍. ഇന്ന് വൈകീട്ട് വീഡിയോ കോണ്‍ഫറന്‍സ് നടക്കുമെന്ന് കേന്ദ്രത്തിലെ ഒരുദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
