ആശങ്കകള്‍ പരിഹരിക്കാം; കര്‍ഷകസംഘടനകളെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രം

സര്‍ക്കാര്‍ എല്ലാ വിഷയങ്ങളും തുറന്ന മനസോടെയും പ്രതിഷേധം അവസാനിപ്പിക്കാനുള്ള നല്ല ഉദ്ദേശത്തോടെയുമാണ് ചര്‍ച്ചയ്ക്ക് ക്ഷണിക്കുന്നതെന്ന് 40 കര്‍ഷക സംഘടനാ നേതാക്കള്‍ക്ക് എഴുതിയ മൂന്ന് പേജുള്ള കത്തില്‍ കൃഷി, കര്‍ഷകക്ഷേമ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി വിവേക് അഗര്‍വാള്‍ അറിയിച്ചു.

Update: 2020-12-24 13:32 GMT

ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകരെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രശ്‌നപരിഹാരത്തിന് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം, നിയമത്തിന്റെ ഭാഗമായി നടപ്പാക്കുന്ന മിനിമം സപ്പോര്‍ട്ട് പ്രൈസുമായി ബന്ധപ്പെട്ട വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യുന്നത് യുക്തിസഹമല്ലെന്ന് വ്യാഴാഴ്ച കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനകള്‍ക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക ഭേദഗതി നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല താങ്ങുവില സമ്പ്രദായം. സര്‍ക്കാര്‍ എല്ലാ വിഷയങ്ങളും തുറന്ന മനസോടെയും പ്രതിഷേധം അവസാനിപ്പിക്കാനുള്ള നല്ല ഉദ്ദേശത്തോടെയുമാണ് ചര്‍ച്ചയ്ക്ക് ക്ഷണിക്കുന്നതെന്ന് 40 കര്‍ഷക സംഘടനാ നേതാക്കള്‍ക്ക് എഴുതിയ മൂന്ന് പേജുള്ള കത്തില്‍ കൃഷി, കര്‍ഷകക്ഷേമ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി വിവേക് അഗര്‍വാള്‍ അറിയിച്ചു. ചര്‍ച്ചയ്ക്കുള്ള തിയ്യതിയും സമയവും നിങ്ങള്‍തന്നെ നിശ്ചയിച്ച് അറിയിക്കാനാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്രത്തിന്റെ മൂന്ന് കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഒരുമാസമായി ഡല്‍ഹിയിലെ വിവിധ അതിര്‍ത്തികളില്‍ തമ്പടിച്ച് കര്‍ഷകര്‍ പ്രക്ഷോഭം നടത്തിവരുന്നത്. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനിന്നതോടെ അഞ്ചുഘട്ടങ്ങളിലായി കേന്ദ്രം യൂനിയനുകളുമയി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്ന മറ്റ് വിഷയങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ അഗര്‍വാള്‍ യൂനിയന്‍ നേതാക്കളോട് ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ ന്യൂഡല്‍ഹിയിലെ വിജാന്‍ ഭവനില്‍ മന്ത്രിതലത്തില്‍ നടക്കും.

കാര്‍ഷിക നിയമങ്ങള്‍ക്ക് വിലവ്യവസ്ഥയുമായി യാതൊരു ബന്ധവുമില്ല. നിശ്ചിതനിരക്കില്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ സംഭരിക്കുന്നതിന് മിനിമം സപ്പോര്‍ട്ട് പ്രൈസ് സ്വാധീനിക്കുന്നില്ല. എല്ലാ ചര്‍ച്ചകളിലും ഇത് യൂനിയനുകളോട് പറഞ്ഞിട്ടുണ്ടെന്നും എംഎസ്പിയെക്കുറിച്ച് രേഖാമൂലം ഉറപ്പുനല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അഗര്‍വാള്‍ വ്യക്തമാക്കിയിട്ടുണ്ട്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഡിസംബര്‍ 23 ലെ കത്തിന് മറുപടിയായാണ് അഗര്‍വാള്‍ കത്ത് നല്‍കിയത്.

ചര്‍ച്ചയ്ക്കായി എല്ലാ വാതിലുകളും സര്‍ക്കാര്‍ തുറന്നിടുകയാണെന്നും കര്‍ഷക യൂനിയനുകള്‍ ഉന്നയിച്ച വിഷയങ്ങളില്‍ യുക്തിസഹമായ പരിഹാരം കണ്ടെത്തുമെന്നും കത്തില്‍ ആവര്‍ത്തിക്കുന്നു. കര്‍ഷക സംഘടനകളെയും കൃഷിക്കാരെയും പരിഗണിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. സര്‍ക്കാരിന് ഇത് നിഷേധിക്കാന്‍ കഴിയില്ലെന്നും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, കര്‍ഷക സംഘടനകള്‍ ഇക്കാര്യത്തില്‍ നിലപാട് അറിയിച്ചിച്ചിട്ടില്ല്. രാജ്യത്ത് ഉടനീളം പുതിയ കാര്‍ഷിക നയത്തിനെതിരേ കര്‍ഷകസമരം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാവുന്നത്.

Tags: