ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ പാഠ്യ വിഷയമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. മൂന്നാം ക്ലാസ് മുതലുള്ള പുസ്തകങ്ങളില്‍ ഓപ്പറേഷന്‍ സിന്ദൂറും ഉള്‍പ്പെടുത്തും. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ചര്‍ച്ച തുടങ്ങാനിരിക്കെയാണ് തീരുമാനം. ഇന്ത്യയുടെ പ്രതിരോധ ശേഷിയെക്കുറിച്ച് വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനായി എന്‍സിഇആര്‍ടി ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ഒരു പ്രത്യേക വിദ്യാഭ്യാസ മൊഡ്യൂള്‍ തയ്യാറാക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
മൂന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും ഒന്‍പത് മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുമായി രണ്ട് മൊഡ്യൂളാണ് തയ്യാറാക്കുക. പഹല്‍ഗാം ആക്രമണത്തിന് ശേഷമുള്ള ഇന്ത്യയുടെ സൈനിക നീക്കങ്ങള്‍ 8 മുതല്‍ 10 വരെ പേജുകളില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.
രാജ്യം എങ്ങനെയാണ് തീവ്രവാദത്തെ നേരിടുന്നതെന്നും ദേശീയ സുരക്ഷ ഉറപ്പാക്കുന്നതില്‍ പ്രതിരോധ സേനകള്‍, നയതന്ത്രം എന്നിവയുടെ നിര്‍ണായക പങ്ക് എന്തെന്നും വിദ്യാര്‍ഥികള്‍ക്ക് അവബോധം നല്‍കുകയാണ് ലക്ഷ്യം.