ബജറ്റ് നിരാശാജനകം, സാമ്പത്തികപ്രതിസന്ധിക്ക് യാതൊരു പരിഹാരമാര്‍ഗവും നിര്‍ദേശിക്കാത്തത്: പി കെ കുഞ്ഞാലിക്കുട്ടി

ആദായനികുതി സ്ലാബ് ഉയര്‍ത്തുക എന്നത് വരുമാനമാര്‍ഗമുള്ളവരെ ബാധിക്കുന്ന കാര്യമാണ്. യാതൊരു വരുമാനമാര്‍ഗവുമില്ലാത്ത പട്ടിണിപ്പാവങ്ങള്‍ക്ക് അതുകൊണ്ട് എന്ത് പ്രയോജനമാണുണ്ടാവുകയെന്നും അദ്ദേഹം ചോദിച്ചു.

Update: 2020-02-01 14:52 GMT

ന്യൂഡല്‍ഹി: സാമ്പത്തിക അഭിവൃദ്ധിക്കായി പുതിയ ചലനം സൃഷ്ടിക്കാനുതകുന്ന തരത്തിലുള്ള യാതൊന്നും കേന്ദ്രബജറ്റില്‍ നിര്‍ദേശിച്ചിട്ടില്ലന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് രാജ്യത്തെ കരകയറ്റാനുതകുന്ന ഘടനാപരമായ പരിഷ്‌കാരങ്ങള്‍ സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തുന്നതാണ് ബജറ്റ്. മണിക്കൂറുകളോളം കവിത പാരായണം ചെയ്യുന്നത് പോലെ ധനമന്ത്രി സംസാരിച്ചു എന്നല്ലാതെ സാധാരണക്കാര്‍ക്ക് അനുകൂലമായ യാതൊന്നും ബജറ്റ് നിര്‍ദേശിക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ തീര്‍ത്തും അവഗണിച്ചു. ജിഡിപി വളര്‍ച്ചാനിരക്കിനെപ്പറ്റിയുള്ള കേന്ദ്രസര്‍ക്കാര്‍ വാദം വെറും ഭാവനാസൃഷ്ടി മാത്രമാണ്.

ദിനേനെ താഴോട്ടുകുതിക്കുന്ന ജിഡിപി വരുംവര്‍ഷങ്ങളില്‍ പത്തുശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന സര്‍ക്കാരിന്റെ അവകാശവാദം ഊഹക്കണക്കുകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ആദായനികുതി സ്ലാബ് ഉയര്‍ത്തുക എന്നത് വരുമാനമാര്‍ഗമുള്ളവരെ ബാധിക്കുന്ന കാര്യമാണ്. യാതൊരു വരുമാനമാര്‍ഗവുമില്ലാത്ത പട്ടിണിപ്പാവങ്ങള്‍ക്ക് അതുകൊണ്ട് എന്ത് പ്രയോജനമാണുണ്ടാവുകയെന്നും അദ്ദേഹം ചോദിച്ചു.

ഉപഭോഗനിക്ഷേപ നിരക്കുകള്‍ ക്രമാതീതമായി കുറഞ്ഞുകൊണ്ടിരിക്കുന്നു എന്നതാണ് നമ്മുടെ സാമ്പത്തിക വ്യവസ്ഥ ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി. തൊഴിലില്ലായ്മ പ്രധാനകാരണങ്ങളിലൊന്ന് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഴിയാത്തതാണ്. ഈ വെല്ലുവിളികളെ നേരിടാനുള്ള എന്തുപദ്ധതിയാണ് ബജറ്റ് നിര്‍ദേശിക്കുന്നത്. വിദേശനിക്ഷേപ സൗഹൃദരാജ്യമെന്ന് മുന്‍കാലങ്ങളില്‍ പേരുകേട്ട നമ്മുടെ രാജ്യം ഇന്ന് രാഷ്ട്രീയ അരക്ഷിതാവസ്ഥ കാരണം വിദേശകമ്പനികള്‍ വരാന്‍ മടിക്കുന്ന രാജ്യമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിലാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധ. സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന് താല്‍പര്യമില്ലന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

Tags:    

Similar News