തൃശൂര്‍- പൊന്നാനി കോള്‍നിലങ്ങള്‍ക്ക് കേന്ദ്രസഹായം

രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ കീഴിലായി 2014 മുതല്‍ 2019 വരെയുള്ള കാലയളവില്‍ 138 കോടി രൂപയുടെ കേന്ദ്രസഹായമുണ്ടായി. ഇത് അരിമ്പൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ചേറ്റുപുഴ പാടശേഖരം, വരട്ടുകോള്‍പടവ് ഭാഗങ്ങളിലെ കൃഷിയിടങ്ങള്‍, തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത്, തൃശൂര്‍ കോര്‍പറേഷനിലെ പുല്ലാഴി കോള്‍ നിലങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെ ഏഴോളം പദ്ധതികള്‍ക്കായി നല്‍കിയതാണ്.

Update: 2019-12-10 11:18 GMT

ന്യൂഡല്‍ഹി: കേരളത്തിലെ തന്നെ ഏറ്റവും വലിയ കോള്‍ നിലങ്ങളിലൊന്നായ തൃശൂര്‍- പൊന്നാനി കോള്‍നിലങ്ങള്‍ക്ക് കേന്ദ്രത്തിന്റെ പ്രത്യേക സഹായമുണ്ടെന്ന് കേന്ദ്ര കാര്‍ഷിക വകുപ്പ് മന്ത്രി നരേന്ദ്രസിങ് ടോമര്‍. ഇതുസംബന്ധിച്ച ടി എന്‍ പ്രതാപന്‍ എംപിയുടെ ചോദ്യത്തിന് ലോക്‌സഭയില്‍ രേഖാമൂലം മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ കൃഷി വികാസ് യോജന, ഗ്രാമീണവികസന നിക്ഷേപം, ദേശീയ ഭക്ഷ്യസുരക്ഷാ മിഷന്‍, ദേശീയ കാര്‍ഷികഗ്രാമ വികസന ബാങ്ക് തുടങ്ങിയവയുടെ ഒരു ഏകോപനസഹായ സംവിധാനമാണ് തൃശൂര്‍- പൊന്നാനി കോള്‍നിലങ്ങള്‍ക്കും അനുബന്ധ തണ്ണീര്‍വയലുകള്‍ക്കും നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ പ്രധാന ശ്രദ്ധയെന്നോണം കേരളത്തിലെ പൊക്കാളി കൃഷിയുടെ നാനോന്‍മുഖമായ വികസനവും നടപ്പാക്കുന്നുണ്ട്.

ദേശീയ ഭക്ഷ്യസുരക്ഷാ മിഷന്റെ അരിവിളകളുടെ ഉത്പാദനം അധികരിപ്പിക്കുന്നതിനുവേണ്ടിയുള്ള പദ്ധതിയുടെ ഭാഗമായി കേരളത്തിലെ തൃശൂര്‍, പാലക്കാട്, ആലപ്പുഴ തുടങ്ങിയ ജില്ലകളടക്കമുള്ള ജില്ലകള്‍ കേന്ദ്രീകരിച്ച് വിവിധങ്ങളായ പരിപാടികള്‍ നടന്നുവരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച്, കേരള കാര്‍ഷിക സര്‍വകലാശാല, തൃശൂരിലെ കൃഷിവിജ്ഞാന കേന്ദ്രം, പട്ടാമ്പിയിലെ പ്രാദേശിക കാര്‍ഷിക വികസനകേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളുടെ ഗവേഷണശ്രമങ്ങളുടെ ഫലമായി വിവിധ അരി ഇനങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള സാമ്പത്തിക ഗവേഷണ മൂലധനസഹായം കേന്ദ്രം ചെയ്തുവരുന്നുണ്ട്.

രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ കീഴിലായി 2014 മുതല്‍ 2019 വരെയുള്ള കാലയളവില്‍ 138 കോടി രൂപയുടെ കേന്ദ്രസഹായമുണ്ടായി. ഇത് അരിമ്പൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ചേറ്റുപുഴ പാടശേഖരം, വരട്ടുകോള്‍പടവ് ഭാഗങ്ങളിലെ കൃഷിയിടങ്ങള്‍, തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത്, തൃശൂര്‍ കോര്‍പറേഷനിലെ പുല്ലാഴി കോള്‍ നിലങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെ ഏഴോളം പദ്ധതികള്‍ക്കായി നല്‍കിയതാണ്. കേന്ദ്ര ഗ്രാമീണവികസന നിക്ഷേപം വഴി 2015 മുതല്‍ 2016 കാലയളവിലായി തൃശൂര്‍ ജില്ലയിലെ വിവിധ കോള്‍പാടങ്ങളുടെ വികസനത്തിനും സംരക്ഷണത്തിനുമായി 56 കോടി രൂപയുടെ കേന്ദ്രസഹായമുണ്ടായിരുന്നു. 2014- 2015 കാലയളവ് മുതല്‍ 2019-2020 വരെ ദേശീയ ഭക്ഷ്യസുരക്ഷ മിഷനിലൂടെ 8 കോടി രൂപയുടെ സഹായം നല്‍കിയിരുന്നു. ഇതില്‍ നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ 90 ലക്ഷത്തിന്റെ സഹായമാണ് നീക്കിവച്ചിട്ടുള്ളത്. 

Tags:    

Similar News