സോഷ്യല്‍ മീഡിയകളില്‍ പിടിമുറുക്കി കേന്ദ്രം; എഐ ഉള്ളടക്കം പ്രത്യേകം രേഖപ്പെടുത്തണം; 2021ലെ ഐടി നിയമത്തില്‍ ഭേദഗതി
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയകളില്‍ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. നിയമവിരുദ്ധമെന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പറയുന്ന ഉള്ളടക്കം നീക്കം ചെയ്യാനുള്ള സാവകാശം വെട്ടിക്കുറച്ചും എഐ നിര്‍മ്മിത ഉള്ളടക്കത്തിനടക്കം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയും 2021ലെ ഐടി നിയമം ഭേദഗതി ചെയ്ത് ഉത്തരവിറക്കി. ഫെബ്രുവരി 20ന് നയം നിലവില്‍ വരും. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഉള്ളടക്കം പ്രശ്‌നമുള്ളതാണ്, നീക്കം ചെയ്യണം എന്ന് സര്‍ക്കാര്‍ സംവിധാനം ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ മൂന്ന് മണിക്കൂറിനകം നീക്കം ചെയ്യണം. ഐടി നിയമ ഭേദഗതിയിലെ സുപ്രധാന മാറ്റം ഇതാണ്. മുമ്പ് ഉള്ളടക്കം നീക്കം ചെയ്യാന്‍ 36 മണിക്കൂര്‍ സമയമുണ്ടായിരുന്നതാണ് കേവലം മൂന്ന് മണിക്കൂറായി വെട്ടിച്ചുരുക്കിയത്.
പോലിസില്‍ ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ മുതല്‍ മുകളിലേക്കുള്ളവര്‍ക്ക് ഉള്ളടക്കം നീക്കം ചെയ്യാന്‍ ആവശ്യപ്പെടാം. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പോസ്റ്റുകളെക്കുറിച്ചും പോസ്റ്റ് ചെയ്തയാളെക്കുറിച്ചും വിവരങ്ങള്‍ നല്‍കാന്‍ മുന്‍പ് 24 മണിക്കൂര്‍ സമയമുണ്ടായിരുന്നു, അത് രണ്ട് മണിക്കൂറായി കുറച്ചു. ഉപയോക്താവിന്റെ പരാതികള്‍ സ്വീകരിക്കാന്‍ 15 ദിവസം സമയമുണ്ടായിരുന്നത് 7 ദിവസമാക്കി. പരാതി സ്വീകരിച്ച് കഴിഞ്ഞാല്‍ 36 മണിക്കൂറിനകം പരിഹാരമുണ്ടാക്കുകയും വേണം. നീക്കം സമൂഹമാധ്യമങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. സാങ്കേതികമായും പ്രായോഗികമായും ഈ ആവശ്യങ്ങള്‍ നടപ്പാക്കുക ബുദ്ധിമുട്ടാണെന്നാണ് അനൗദ്യോഗിക പ്രതികരണം.
രാഷ്ട്രീയ വിമര്‍ശനങ്ങളെയടക്കം അടിച്ചമര്‍ത്താന്‍ പുതിയ നയം ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. അതിവേഗം തീരുമാനമെടുക്കാനുള്ള സാങ്കേതിക വിദ്യയും, മനുഷ്യവിഭവശേഷിയും പല സമൂഹമാധ്യമങ്ങള്‍ക്കും ഇപ്പോഴില്ല എന്നതും യാഥാര്‍ത്ഥ്യമാണ്. മെറ്റയും എക്‌സും ഗൂഗിളും ഇത് വരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മറ്റൊരു സുപ്രധാന മാറ്റം എഐ നിര്‍മ്മിത ഉള്ളടക്കവുമായി ബന്ധപ്പെട്ടാണ്. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന സിന്തറ്റിക്കലി ജനറേറ്റഡ് ഇന്‍ഫര്‍മേഷന്‍, അത് എഐ നിര്‍മ്മിതമോ എഐ ഉപയോഗിച്ച് മാറ്റം വരുത്തിയതോ ആയ ചിത്രങ്ങളോ വീഡിയോയോ ശബ്ദമോ ആകാം.
പ്രത്യേകം മനസ്സിലാകുന്ന രീതിയില്‍ ലേബല്‍ ചെയ്യണമെന്നും പുതിയ നിയമത്തില്‍ നിര്‍ദ്ദേശമുണ്ട്. അതായത് സമൂഹമാധ്യമം തന്നെ ഉള്ളടക്കം എഐ നിര്‍മ്മിതമെന്ന് രേഖപ്പെടുത്തണം. നിയമവിരുദ്ധമായ സിന്തറ്റിക് കണ്ടന്റുണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതും തടയാന്‍ സമൂഹമാധ്യമങ്ങള്‍ നടപടിയെടുക്കുകയും വേണം. കുട്ടികളുടെ ദൃശ്യങ്ങളുപയോഗിക്കുന്ന ലൈംഗീക ചുവയുള്ള കണ്ടന്റ്,സആയുധങ്ങള്‍ കാണിക്കുന്ന കണ്ടന്റ്, മറ്റൊരാളുടെ മുഖമുപയോഗിച്ച് സൃഷ്ടിക്കുന്ന ഡീപ്പ് ഫേക്ക് ദൃശ്യങ്ങളെന്നിവയെല്ലാം നിയമവിരുദ്ധ സിന്തറ്റിക് കണ്ടന്റിന്റെ പരിധിയില്‍ വരും.

