പിഎഫ് ആനുകൂല്യം: തൊഴിലാളികൾക്ക് ആശ്വാസമാകും

പ്രതിമാസ പിഎഫ് വിഹിതം മൂന്നുമാസം സർക്കാർ നൽകുമെന്ന പ്രഖ്യാപനവും 4.8 കോടി തൊഴിലാളികൾക്ക് നേട്ടമാകും.

Update: 2020-03-28 02:04 GMT

കൊച്ചി: കൊറോണക്കാലത്ത് അടിയന്തരസാഹചര്യം നേരിടാൻ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് നിക്ഷേപം പിൻവലിക്കാൻ അനുമതി. മൂന്നുമാസത്തെ ശമ്പളത്തിന് തുല്യമായ തുകയോ പിഎഫിലുള്ള തുകയുടെ 75 ശതമാനമോ, ഏതാണ് കുറവ് അതാണ് പിൻവലിക്കാനാകുക.

നിലവിൽ ഭവനനിർമാണം, വിവാഹം തുടങ്ങിയ അടിന്തര ആവശ്യങ്ങൾക്ക് മാത്രമാണ് പിഎഫിൽനിന്ന് തുകപിൻവലിക്കാൻ അനുവദിച്ചിരുന്നത്. ജീവനക്കാരും തൊഴിലുടമകളും അടയ്‌ക്കേണ്ട പ്രതിമാസ പിഎഫ് വിഹിതം മൂന്നുമാസം സർക്കാർ നൽകുമെന്ന പ്രഖ്യാപനവും 4.8 കോടി തൊഴിലാളികൾക്ക് നേട്ടമാകും. നൂറിൽ താഴെ ജീവനക്കാരുള്ളതും അതിൽ 90 ശതമാനം പേർക്കും 15,000 രൂപയോ അതിൽ താഴെയോ ശമ്പളമുള്ളതുമായ സ്ഥാപനങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

12 ശതമാനം വീതമാണ് ജീവനക്കാരുടെയും തൊഴിലുടമയുടെയും പിഎഫ് വിഹിതം. ഈ മാസത്തെ പ്രോവിഡന്റ് ഫണ്ട് പെൻഷൻ തുക മാർച്ച് 30നുമുമ്പ് പെൻഷൻകാരുടെ അക്കൗണ്ടിൽ വകയിരുത്തണമെന്ന് കേന്ദ്ര പിഎഫ് കമ്മിഷണർ ഇപിഎഫ്ഒയ്ക്ക് കീഴിലുള്ള 135 ഓഫീസുകൾക്കും നിർദേശം നൽകി. 65 ലക്ഷം പെൻഷൻകാരാണുള്ളത്. 

Tags:    

Similar News