ന്യൂഡല്‍ഹി: 2026ലെ സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ തിയ്യതികള്‍ പ്രഖ്യാപിച്ചു. പരീക്ഷകള്‍ തുടങ്ങുന്നതിന് അഞ്ച് മാസം മുന്‍പാണ് ടൈം ടേബിള്‍ പ്രഖ്യാപിച്ചത്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2026 ഫെബ്രുവരി 17 ചൊവ്വാഴ്ച ആരംഭിച്ച് മാര്‍ച്ച് 18-ന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് 2026 ഫെബ്രുവരി 17-ന് ആരംഭിച്ച് ഏപ്രില്‍ 4-ന് അവസാനിക്കും. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷകള്‍ രാവിലെ 10:30-ന് ആരംഭിച്ച് ഒറ്റ ഷിഫ്റ്റില്‍ മാത്രമായിരിക്കും നടത്തുകയെന്ന് ബോര്‍ഡ് വ്യക്തമാക്കി. ആവശ്യമെങ്കില്‍ പരീക്ഷയുടെ ഷെഡ്യൂളില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ടെന്നും സിബിഎസ്ഇ അറിയിച്ചു.
204 വിഷയങ്ങളിലായി ഏകദേശം 45 ലക്ഷം വിദ്യാര്‍ഥിള്‍ പരീക്ഷ എഴുതും. ഫലപ്രഖ്യാപനം കൃത്യസമയത്ത് ഉറപ്പാക്കുന്നതിന്, പ്രധാന പരീക്ഷകള്‍ക്കൊപ്പം, പ്രാക്ടിക്കല്‍സ്, മൂല്യനിര്‍ണ്ണയം, ഫലാനന്തര പ്രക്രിയകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടത്തുമെന്ന് ബോര്‍ഡ് അറിയിച്ചു.