
ന്യൂഡല്‍ഹി: ഇന്ത്യയിലും വിദേശത്തുമുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാഫലം വ്യാഴാഴ്ചയ്ക്കകം പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 18 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ നാലിനുമാണ് അവസാനിച്ചത്. സാധാരണയായി അവസാന പേപ്പറിന്റെ നാല് മുതല്‍ ആറ് ആഴ്ചകള്‍ക്കകം ഫലം പുറത്തുവിടുന്നതാണ് രീതി.
ഇന്ത്യയിലുടനീളമുള്ള ഏകദേശം 44 ലക്ഷം വിദ്യാര്‍ഥികളാണ് ഫലത്തിനായി കാത്തിരിക്കുന്നത്. ഈ അധ്യയന വര്‍ഷം, പത്താം ക്ലാസില്‍ നിന്ന് ഏകദേശം 24.12 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. ഏകദേശം 17.88 ലക്ഷം വിദ്യാര്‍ഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. cbse.gov.in എന്ന വെബ്‌സൈറ്റ് വഴി പരീക്ഷാഫലം അറിയുന്നതിനുള്ള ക്രമീകരണമാണ് സിബിഎസ്ഇ ഒരുക്കുക. കൂടാതെ ഡിജിലോക്കറിലും ഫലം ലഭ്യമാക്കും.
വെബ്‌സൈറ്റ് വഴി ഫലം നോക്കുന്ന വിധം:
ആദ്യം cbse.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
ഹോംപേജില്‍ ലഭ്യമായ 'Result' ടാബില്‍ ക്ലിക്ക് ചെയ്യുക.
ക്ലാസ് 10 അല്ലെങ്കില്‍ ക്ലാസ് 12 തിരഞ്ഞെടുക്കുക.
റോള്‍ നമ്പര്‍, സ്‌കൂള്‍ നമ്പര്‍, അഡ്മിറ്റ് കാര്‍ഡ് ഐഡി, ജനനത്തീയതി എന്നിവയുള്‍പ്പെടെ വിവരങ്ങള്‍ കൈമാറുക
'Submit'ല്‍ ക്ലിക്ക് ചെയ്യുക.
ഭാവിയിലെ ഉപയോഗത്തിനായി PDF ഫലം ഡൗണ്‍ലോഡ് ചെയ്ത് സംരക്ഷിക്കുക.