കല്‍ക്കരി അഴിമതി: ബംഗാളില്‍ 25 കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ്

അസന്‍സോള്‍, ദുര്‍ഗാപൂര്‍, ബര്‍ദ്വാന്‍ ജില്ലയിലെ റാണിഖഞ്ച്, 24 സൗത്ത് പര്‍ഗനാസ് ജില്ലയിലെ ബിശ്‌നാപൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള അനൂപ് മാജിയുടെയും അദ്ദേഹവുമായി ബന്ധമുള്ള ഓഫിസുകളിലും വീടുകളിലുമാണ് സിബിഐ റെയ്ഡ് നടത്തിയത്.

Update: 2020-11-28 07:03 GMT

കൊല്‍ക്കത്ത: കല്‍ക്കരി കള്ളക്കടത്ത് റാക്കറ്റുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളിലെ 25 ഓളം കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി. സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. കല്‍ക്കരി വ്യവസായ നഗരമായ അസന്‍സോളിലെ കല്‍ക്കരി വ്യവസായിഅനൂപ് മാജിയാണ് റാക്കറ്റിന് നേതൃത്വം നല്‍കുന്നതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. അസന്‍സോള്‍, ദുര്‍ഗാപൂര്‍, ബര്‍ദ്വാന്‍ ജില്ലയിലെ റാണിഖഞ്ച്, 24 സൗത്ത് പര്‍ഗനാസ് ജില്ലയിലെ ബിശ്‌നാപൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള അനൂപ് മാജിയുടെയും അദ്ദേഹവുമായി ബന്ധമുള്ള ഓഫിസുകളിലും വീടുകളിലുമാണ് സിബിഐ റെയ്ഡ് നടത്തിയത്.

കൊല്‍ക്കത്തയിലെ ചില സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുന്നതായി റിപോര്‍ട്ടുണ്ടെങ്കിലും ഇതിന് സ്ഥിരീകരണമുണ്ടായിട്ടില്ല. ബംഗാള്‍-ജാര്‍ഖണ്ഡ് അതിര്‍ത്തിയില്‍ കല്‍ക്കരി ഖനികള്‍ തുടങ്ങുന്നതിനായി അനൂപ് മാജിയുടെ നേതൃത്വത്തിലുള്ള റാക്കറ്റ് ചില രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് പണം നല്‍കിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ റെയ്ഡ് നടത്തിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഈമാസം ആദ്യം അദ്ദേഹത്തിന് മൂന്ന് ആദായ നികുതി നോട്ടീസുകള്‍ നല്‍കിയിരുന്നു. ഇതില്‍ രണ്ടെണ്ണത്തിന് മാത്രമാണ് അദ്ദേഹം പ്രതികരണം നല്‍കിയത്.

കൊല്‍ക്കത്ത സന്ദര്‍ശനവേളയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അനൂപ് മാജിയുടെ ഇടപാടുകള്‍ സംബന്ധിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്‌ക്കെതിരേ വിമര്‍ശനമുന്നയിച്ചിരുന്നു. മാജിയ്‌ക്കെതിരായ റെയ്ഡുകളില്‍ മമതയ്ക്ക് ആശങ്കയുണ്ടോയെന്നായിരുന്നു അമിത് ഷായുടെ ചോദ്യം. ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനത്തിനുശേഷം അഞ്ച് കേന്ദ്ര ഏജന്‍സികള്‍ പശ്ചിമബംഗാളില്‍ നടത്തിയ റെയ്ഡുകള്‍ക്കെതിരേ മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു.

Tags: