കൈക്കൂലി വാങ്ങുന്നതിനിടെ ടിആര്‍എസ് എംപിയുടെ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേരെ സിബിഐ അറസ്റ്റുചെയ്തു

ടിആര്‍എസ് എംപി കവിത മാലോത്തിന്റെ ഡല്‍ഹിയിലെ വസതിയില്‍വച്ചാണ് മൂവരും കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചത്. രാജീബ് ഭട്ടാചാര്യ, ഷുബംഗി ഗുപ്ത, ദുര്‍ഗേഷ് കുമാര്‍ എന്നിവരാണ് സിബിഐയുടെ പിടിയിലായത്. മന്‍മീത് സിങ് ലാംബയില്‍നിന്നാണ് ഇവര്‍ കൈക്കൂലി വാങ്ങിയത്.

Update: 2021-04-01 16:34 GMT

ന്യൂഡല്‍ഹി: കൈക്കൂലി വാങ്ങുന്നതിനിടെ തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്) എംപിയുടെ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേരെ സിബിഐ സംഘം അറസ്റ്റുചെയ്തു. ടിആര്‍എസ് എംപി കവിത മാലോത്തിന്റെ ഡല്‍ഹിയിലെ വസതിയില്‍വച്ചാണ് മൂവരും കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചത്. രാജീബ് ഭട്ടാചാര്യ, ഷുബംഗി ഗുപ്ത, ദുര്‍ഗേഷ് കുമാര്‍ എന്നിവരാണ് സിബിഐയുടെ പിടിയിലായത്. മന്‍മീത് സിങ് ലാംബയില്‍നിന്നാണ് ഇവര്‍ കൈക്കൂലി വാങ്ങിയത്. ന്യൂഡല്‍ഹിയിലെ ന്യൂ ഗുപ്ത കോളനി നിവാസിയായ ലാംബയില്‍നിന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഏജന്‍സി മൂവരെയും സമീപിക്കുകയും വലയിലാക്കുകയുമായിരുന്നു.

മാലോത്തിന്റെ പേഴ്‌സന്‍ അസിസ്റ്റന്റ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഭട്ടാചാര്യ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഫ് ഡല്‍ഹി (എംസിഡി) തന്റെ വീട് പൊളിച്ചുമാറ്റുന്നത് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്ന് ലാംബ പറഞ്ഞു. തനിക്ക് പരിചയമുള്ള എംസിഡി ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട് വീട് സംരക്ഷിക്കുന്നതിനാവശ്യമായ സഹായം നല്‍കാമെന്നായിരുന്നു ഭട്ടാചാര്യ അവകാശപ്പെട്ടിരുന്നതെന്ന് ലാംബ പറയുന്നു. തുടര്‍ന്ന് 'കോ- ഓഡിനേറ്ററായ' ഗുപ്തയെ ഭട്ടാചാര്യ ലാംബയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തു.

ഗുപ്ത കുമാറിനെ കൊണ്ടുവന്ന് മാലോത്തിന്റെ പിഎകളില്‍ ഒരാളായി അദ്ദേഹത്തെ പരിചയപ്പെടുത്തി. മൂന്നുപേരും ചേര്‍ന്ന് ലാംബയുടെ വീട് പൊളിക്കുന്നതില്‍നിന്ന് സംരക്ഷിക്കുന്നതിന് അഞ്ചുലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. ഈ തുക പിന്നീട് ഒരുലക്ഷം രൂപയായി കുറയ്ക്കുന്നതിന് ചര്‍ച്ചകള്‍ നടത്തി. പണം കൊണ്ടുവരാന്‍ ന്യൂഡല്‍ഹിയിലെ വീടിന്റെ വിലാസമാണ് ലാംബയ്ക്ക് നല്‍കിയത്. ലോക്‌സഭാ വെബ്‌സൈറ്റില്‍ ഈ വിലാസം എംപിയുടെ മറ്റൊരു ഔദ്യോഗിക വസതിയുടേതാണ്.

കൈക്കൂലി വാങ്ങാന്‍ പോവുന്നുവെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സിബിഐ സംഘം മേല്‍പ്പറഞ്ഞ വിലാസത്തിലെത്തി മൂവരെയും പിടികൂടുകയായിരുന്നു. കുമാര്‍ തന്റെ ഡ്രൈവറാണെന്ന് മാലോത്ത് എന്‍ഡിടിവിയോട് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് രണ്ടുപേരെ തനിക്ക് അറിയില്ലെന്നാണ് എംപി പറയുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ അവര്‍ വിസമ്മതിച്ചു. മൂന്നുപേരും കവിത മാലോത്തിന്റെ സഹായികളാണോ എന്നത് സംബന്ധിച്ച് അന്വേഷിച്ചുവരികയാണെന്ന് സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്തു.

Tags: