മെഡിക്കല്‍ പ്രവേശന അഴിമതി; അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരേ സിബിഐ കേസ്

ലഖ്‌നോവിലെ പ്രസാദ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ 2017-18 വര്‍ഷത്തിലേക്കുള്ള വിദ്യാര്‍ഥി പ്രവേശനം തടഞ്ഞ അലഹബാദ് ഹൈക്കോടതി വിധിയില്‍ കൃത്രിമം കാട്ടിയെന്നാണ് ജസ്റ്റിസ് എസ് എന്‍ ശുക്ലക്കെതിരെയുള്ള പരാതി. പരാതി അന്വേഷിച്ച സിബിഐ ജസ്റ്റിസ് എസ് എന്‍ ശുക്ലയുടെ ലഖ്‌നോവിലെ വസതിയിലും മറ്റ് പ്രതികളുടെ മീററ്റിലെയും ഡല്‍ഹിയിലെയും വീടുകളിലും റെയ്ഡ് നടത്തി.

Update: 2019-12-06 18:16 GMT

CBI books sitting Allahabad high court judge SN Shukla in bribery case: അലഹബാദ് ഹൈക്കോടതി ജഡ്ജി എസ് എന്‍ ശുക്ലയ്‌ക്കെതിരേ അഴിമതി കുറ്റത്തിന് സിബിഐ കേസെടുത്തു. എംബിബിഎസ് പ്രവേശനാനുമതി കിട്ടാന്‍ സ്വകാര്യ മെഡിക്കല്‍ കോളജിനുവേണ്ടി വഴിവിട്ട ഇടപെടല്‍ നടത്തിയെന്ന പരാതിയിലാണ് സിബിഐയുടെ നടപടി. ലഖ്‌നോവിലെ പ്രസാദ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ 2017-18 വര്‍ഷത്തിലേക്കുള്ള വിദ്യാര്‍ഥി പ്രവേശനം തടഞ്ഞ അലഹബാദ് ഹൈക്കോടതി വിധിയില്‍ കൃത്രിമം കാട്ടിയെന്നാണ് ജസ്റ്റിസ് എസ് എന്‍ ശുക്ലക്കെതിരെയുള്ള പരാതി. പരാതി അന്വേഷിച്ച സിബിഐ ജസ്റ്റിസ് എസ് എന്‍ ശുക്ലയുടെ ലഖ്‌നോവിലെ വസതിയിലും മറ്റ് പ്രതികളുടെ മീററ്റിലെയും ഡല്‍ഹിയിലെയും വീടുകളിലും റെയ്ഡ് നടത്തി.

റെയ്ഡില്‍ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ജഡ്ജിക്കെതിരേ കേസെടുക്കാന്‍ തീരുമാനിച്ചത്. ശുക്ലയ്ക്ക് പുറമെ ഛത്തീസ്ഗഡ് ഹൈക്കോടതി റിട്ട. ജഡ്ജി ഐ എം ഖുദ്ദൂസി, ഭാവാന പാണ്ഡെ, ഭഗവാന്‍ പ്രസാദ് യാദവ്, പ്രസാദ് എജ്യൂക്കേഷന്‍ ട്രസ്റ്റിലെ പാലാഷ് യാദവ്, ആരോപണവിധേയനായ മറ്റൊരു ഇടനിലക്കാരന്‍ സുധീര്‍ ഗിരി, ട്രസ്റ്റ് തുടങ്ങിയവര്‍ക്കെതിരേയാണ് സിബിഐ കേസെടുത്തിരിക്കുന്നത്. അഴിമതി നിരോധനനിയമത്തിലെ 7, 8, 12, 13 (2), 13 (1) വകുപ്പുകള്‍ പ്രകാരമാണ് കേസ്. ജസ്റ്റിസ് ശുക്ല കൂടി ഉള്‍പ്പെട്ട ബെഞ്ചിന്റെ വിധി മെഡിക്കല്‍ കോളജിന് അനുകൂലമായി മാറ്റിയെഴുതിയെന്നായിരുന്നു പരാതി.

അലഹബാദ് ഹൈക്കോടതിയുടെ ആഭ്യന്തരസമിതി നടത്തിയ അന്വേഷണത്തിലും ശുക്ല കുറ്റക്കാരനാണെന്ന് തെളിഞ്ഞിരുന്നു. ജസ്റ്റിസ് ശുക്ല നീതിന്യായവ്യവസ്ഥയ്ക്ക് ദുഷ്‌പേര് വരുത്തിയെന്നും ഹൈക്കോടതിയുടെ അന്തസ്സിനും വിശ്യാസ്യതയ്ക്കും കോട്ടംവരുത്തിയെന്നും ആഭ്യന്തരസമിതി അംഗങ്ങള്‍ വിമര്‍ശിച്ചു. ജുഡീഷ്യല്‍, അഡ്മിനിസ്‌ട്രേറ്റീവ് ചുമതലകളെല്ലാം അദ്ദേഹത്തില്‍നിന്ന് എടുത്തുകളഞ്ഞു. അദ്ദേഹം കോടതിയില്‍ പ്രവേശിക്കുന്നതില്‍നിന്നും സമിതി വിലക്കേര്‍പ്പെടുത്തി. ശുക്ലയ്‌ക്കെതിരേ കേസെടുക്കാന്‍ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നേരത്തെ അനുമതി നല്‍കിയിരുന്നു. ശുക്ലയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുന്‍ ചീഫ് ജസ്റ്റിസ് കത്ത് അയച്ചിരുന്നു. ഇതാദ്യമായാണ് ഒരു സിറ്റിങ് ഹൈക്കോടതി ജഡ്ജിക്കെതിരേ അഴിമതിക്കുറ്റത്തിന് സിബിഐ കേസെടുക്കുന്നത്.  

Tags:    

Similar News