കാമുകന്റെ രഹസ്യബന്ധം പിടികൂടി; കാമുകിയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി നദിയിലെറിഞ്ഞ് 22 കാരന്‍
കാണ്‍പൂര്‍: കാമുകിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി യമുന നദിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ 22 കാരന്‍ അറസ്റ്റില്‍. ജൂലായ് 22 മുതല്‍ കാണാതായ കാണ്‍പൂര്‍ സ്വദേശി ആകാന്‍ഷയാണ് (20) കൊല്ലപ്പെട്ടത്. ഫത്തേപൂര്‍ സ്വദേശിയായ സൂരജ് കുമാര്‍ ഉത്തം ആണ് അറസ്റ്റിലായത്. സൂരജിന്റെ സുഹൃത്ത് ആശിഷ് കുമാറിനെയും കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റു ചെയ്തിരുന്നു. മൃതദേഹം കണ്ടെത്താന്‍ യമുന നദിയില്‍ പോലിസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
സൂരജും ആകാന്‍ഷയും കുറച്ചു കാലമായി അടുപ്പത്തിലായിരുന്നു. സൂരജിന്റെ മറ്റൊരു ബന്ധത്തെക്കുറിച്ച് ആകാന്‍ഷ മനസ്സിലാക്കിയതോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ഇത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. യുവതിയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി മോട്ടര്‍സൈക്കിളില്‍ കാണ്‍പൂരില്‍ നിന്ന് 100 കിലോമീറ്ററോളം സഞ്ചരിച്ച് യമുനയില്‍ ഉപേക്ഷിക്കുയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
യമുന തീരത്ത് എത്തിയ ശേഷം സ്യൂട്ട്‌കേസിനൊപ്പം പ്രതി സെല്‍ഫി എടുക്കുകയും ഇത് വാട്ട്സ്ആപ്പ് സ്റ്റാറ്റസാക്കുകയും ചെയ്തതായി പോലിസ് പറഞ്ഞു. ശനിയാഴ്ചയാണ് കാണ്‍പൂര്‍ പോലിസ് പ്രതിയെയും സുഹൃത്ത് ആശിഷിനെയും കസ്റ്റഡിയിലെടുത്തത്. ജൂലായ് 21 ന് ഹോട്ടലില്‍വെച്ച് സൂരജും ആകാന്‍ഷയും തമ്മില്‍ തര്‍ക്കം ഉണ്ടായതായി അന്വേഷണത്തില്‍ വ്യക്തമായി. ജൂലൈ 21 ന് വൈകുന്നേരം ഇരുവരും വാടക വീട്ടില്‍ ഉണ്ടായിരുന്നതായി ടവര്‍ ലൊക്കേഷന്‍ പരിശോതിച്ചതിലൂടെ പോലിസ് കണ്ടെത്തി.
പിറ്റേന്ന് സൂരജ് ബന്ദ ജില്ലയിലേക്ക് യാത്ര ചെയ്തതായും പോലിസ് മനസ്സിലാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍, സൂരജിനെ കസ്റ്റഡിയിലെടുക്കുകയും മൊബൈല്‍ ഫോണ്‍ പരിശോധിക്കുകയും ചെയ്തു. തുടക്കത്തില്‍, ആകാന്‍ഷ എവിടെയാണ് താമസിക്കുന്നതെന്ന് അറിയില്ലെന്നായിരുന്നു സൂരജിന്റെ വാദം. കൂടുതല്‍ അന്വേഷണത്തില്‍ വീട് സംഘടിപ്പിച്ച് നല്‍കിയത് താനാണെന്ന് പ്രതി സമ്മതിച്ചു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.
ജൂലായ് 21 ന് ഉച്ചകഴിഞ്ഞ്, മറ്റൊരു പെണ്‍കുട്ടിയുമായി പ്രതിക്ക് ബന്ധമുണ്ടെന്ന് അകാന്‍ഷ മനസിലാക്കിയതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ തര്‍ക്കം രൂക്ഷമായി. തന്നെ വിവാഹം കഴിക്കണമെന്ന് ആകാന്‍ഷ ആവശ്യപ്പെട്ടു. വഴക്ക് കൈയ്യാങ്കളിയിലെത്തുകയും തുടര്‍ന്ന് സൂരജ് ആകാന്‍ഷയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും ആയിരുന്നെന്ന് എസ്എച്ച്ഒ പറഞ്ഞു. കൊലപാതകത്തിനു ശേഷം സുഹൃത്ത് ആശിഷ് കുമാറിനെ വിളിച്ചുവരുത്തി ഇരുവരും ചേര്‍ന്ന് മൃതദേഹം നദിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

