ആന്ധ്രയിൽ ജാതി നിർമ്മൂലന പ്രസ്ഥാനം നേതാവ് യുഎപിഎ പ്രകാരം അറസ്റ്റിൽ

കഴിഞ്ഞ ഒരു മാസത്തിനിടയിൽ ആന്ധ്രാപ്രദേശിൽ 10 പൊതുപ്രവർത്തകരാണ് യുഎപിഎ പ്രകാരം അറസ്റ്റിലായതെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു.

Update: 2021-01-06 09:46 GMT

വിജയവാഡ: ആന്ധ്രാപ്രദേശിൽ ജാതി നിർമ്മൂലന പ്രസ്ഥാനം നേതാവ് ദുഡ്ഡു പ്രഭാകറെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു. മാവോവാദി ബന്ധമാരോപിച്ചാണ് ദലിത് നേതാവിനെ അറസ്റ്റ് ചെയതിരിക്കുന്നത്. ബുധനാഴ്ച്ച രാവിലെയാണ് ആന്ധ്രാ പോലിസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ആന്ധ്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന ജാതി ഉന്മൂലനത്തിനായുള്ള സമര സമിതിയായ ''കുല നിർമൂലന പോരാട്ട സമിതി''യുടെ സംസ്ഥാന പ്രസിഡന്റാണ് ദുഡ്ഡു പ്രഭാകർ. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ആന്ധ്രാപ്രദേശിൽ 10 പൊതുപ്രവർത്തകരാണ് യുഎപിഎ പ്രകാരം അറസ്റ്റിലായതെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു.

ഗുണ്ടൂർ, വിശാഖപട്ടണം പോലിസ് സ്റ്റേഷനുകളിലായി രണ്ട് കേസുകളാണ് പോലിസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ​ഗുണ്ടൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ 27 പ്രതികളും വിശാഖപട്ടണത്ത് 64 പ്രതികളുമാണ് കേസിൽ ഉൾപ്പെട്ടതെന്നാണ് പോലിസ് പറയുന്നത്. ഈ രണ്ട് കേസുകളിൽ നിന്നുമായി പത്ത് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

സാംസ്കാരിക പ്രവർത്തകരും ദലിത് അവകാശ പ്രവർത്തകരും അഭിഭാഷകരുമാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് മനുഷ്യാവകാശ പ്രവർത്തകൻ എൻ വേണു​ഗോപാൽ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.