പ്രധാനമന്ത്രിയെ ഭീരുവെന്ന് ആക്ഷേപിച്ചു; ഗായിക നേഹ സിങിനെതിരെ കേസ്

Update: 2025-05-25 06:43 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് നാടോടി ഗായിക നേഹ സിങ് റാത്തോറിനെതിരെ കേസ്. ഒരു ആക്ഷേപഹാസ്യ ഗാന വീഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് കേസ്. സാധന ഫൗണ്ടേഷന്‍ എന്ന സാമൂഹിക സംഘടനയുടെ പ്രസിഡന്റ് ഡോ. സൗരഭ് മൗര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിഗ്ര പോലിസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

റാത്തോര്‍ പ്രധാനമന്ത്രിയെ ഭീരു, ജനറല്‍ ഡയര്‍ എന്ന് വിളിച്ച് ആക്ഷേപിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. ഈ വിഡിയോ പാക്കിസ്ഥാനിലെ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്തതായും പരാതിയില്‍ പറയുന്നുണ്ട്. ഭാരതീയ ന്യായ് സംഹിതയിലെ 197(1)(എ) ദേശീയ ഐക്യത്തിന് ഹാനികരമായ പ്രവൃത്തി, 197(1)(ഡി) ദേശീയ ഐക്യത്തിന് ഭീഷണിയായ തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായതോ ആയ പ്രസ്താവനകള്‍ പ്രചരിപ്പിക്കുക , 353(2) ക്രമസമാധാനവും സാമൂഹിക ഐക്യവും തകര്‍ക്കുക എന്നീ വകുപ്പുകളാണ് നേഹക്കെതിരെ ചുമത്തിയിരിക്കുന്നത്.

ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതാണ് ഇത്തരം കേസുകള്‍ എന്നാണ് പലരും സാമൂഹ്യമാധ്യമങ്ങളിലൂടെ അഭിപ്രായപ്പെടുന്നത്. കലാസൃഷ്ടിയിലൂടെ ഭരണകൂടത്തോട് വിയോജിക്കാനുള്ള നേഹയുടെ അവകാശത്തെ പിന്തുണച്ചും പ്രതിരോധിച്ചും ഇതിനോടകം തന്നെ നിരവധിപേരാണ് രംഗത്ത് വന്നത്. എന്നാല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ പാകിസ്താന് മുന്നില്‍ അപമാനിച്ചെന്ന് ആരോപിച്ച് നേഹക്കെതിരെ വലിയ സൈബര്‍ ആക്രമണവും നടക്കുന്നുണ്ട്.






Tags: