മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികളുടെ മരണം; നിതീഷ് കുമാറിനെതിരേ കേസ്

Update: 2019-06-20 04:54 GMT

പാട്‌ന: ബീഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ചു നൂറുകണക്കിനു കുട്ടികള്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി നീതീഷ് കുമാറിനെതിരേ കേസ്. കുട്ടികളുടെ മരണസംഖ്യ ഇത്രയധികം ആയതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു പങ്കുണ്ടെന്നാരോപിച്ചു മുഹമ്മദ് നസീം എന്ന പ്രദേശവാസി നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്. നീതീഷ് കുമാറിനു പുറമെ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, സഹമന്ത്രി അശ്വിനി ചൗബേ, സംസ്ഥാന ആരോഗ്യ മന്ത്രി മംഗള്‍ പാണ്ഡെ എന്നിവര്‍ക്കെതിരെയും കേസുണ്ട്. കേസ് മുസഫര്‍പുര്‍ ചീഫ് സിജെഎം കോടതി ചൊവ്വാഴ്ച പരിഗണിക്കും.

മസ്തിഷ്‌കജ്വരം ബാധിച്ച് നൂറുകണക്കിന് കുരുന്നുകള്‍ മരിച്ചിട്ടും സര്‍ക്കാര്‍ അവഗണ തുടരുകയാണെന്ന ആക്ഷേപം നേരത്തേയുണ്ട്. ദേശീയ തലത്തില്‍ ചര്‍ച്ചയായ കുഞ്ഞുങ്ങളുടെ മരണം തുടങ്ങിയിട്ടു രണ്ടാഴ്ചയിലധികമായെങ്കിലും മുഖ്യമന്ത്രി നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസമാണ് സ്ഥലം സന്ദര്‍ശിച്ചത്. മസ്തിഷ്‌കജ്വരം ബാധിച്ച കുട്ടികള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ മനോഹര്‍ പ്രതാപ്, സന്‍പ്രീത് സിങ് അജ്മാനി എന്നിവര്‍ സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി നല്‍കിയിരുന്നു. രോഗം ബാധിച്ച കുട്ടികള്‍ക്ക് മികച്ച ചികില്‍സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകര്‍ നല്‍കിയ പൊതുതാല്‍പര്യഹര്‍ജി തിങ്കളാഴ്ച്ച സുപ്രിംകോടതി പരിഗണിക്കും. വിവിധ ആശുപത്രികളിലായി നാനൂറിലേറെ കുട്ടികള്‍ ഇപ്പോഴും ചികില്‍സയിലാണ്. 

Tags:    

Similar News