ലഖ്നോ: പഹല്‍ഗാം ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വീഴ്ച്ച ചൂണ്ടിക്കാട്ടിയ ഭോജ്പുരി ഗായിക നേഹാ സിങ് റാത്തോഡിനെതിരായ കേസ് കോടതി തള്ളി. ശിവേന്ദ്ര സിങ് എന്നയാള്‍ നല്‍കിയ പരാതിയാണ് ഉത്തര്‍പ്രദേശ് കോടതി തള്ളിയത്. പരാതി നല്‍കാന്‍ ശിവേന്ദ്ര സിങിന് അവകാശമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, മറ്റ് ബിജെപി നേതാക്കള്‍ എന്നിവരുടെ പ്രശസ്തിക്ക് കോട്ടം വരുത്താന്‍ റാത്തോഡ് ശ്രമിച്ചുവെന്ന് ആരോപിച്ച് നല്‍കിയ പരാതിയില്‍, കേന്ദ്ര അല്ലെങ്കില്‍ സംസ്ഥാന മന്ത്രി പദവികള്‍ വഹിക്കുന്ന ആളുകളെ 'അപകീര്‍ത്തിപ്പെടുത്തല്‍' സംബന്ധിച്ച പരാതി, കേന്ദ്രത്തിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ മുന്‍കൂര്‍ അനുമതിയോടെ ഒരു പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് മാത്രമേ ഫയല്‍ ചെയ്യാന്‍ കഴിയൂ എന്ന് കോടതി വിധിച്ചു. ഇത് അങ്ങനെയല്ലാത്തതിനാല്‍, റാത്തോഡിനെതിരെ നടപടിയെടുക്കണമെന്ന സിംഗിന്റെ പരാതി നിലനില്‍ക്കില്ലെന്ന് ജഡ്ജി പറഞ്ഞു.