അമേരിക്കയില്‍ നിന്നും എല്‍പിജിയുമായി 'പിക്‌സിസ് പയനിയര്‍' ചരക്കുകപ്പല്‍ മംഗലാപുരം തീരത്ത്
വാഷിങ്ടന്‍: അമേരിക്കയിലെ ടെക്‌സസില്‍ നിന്നും എല്‍പിജിയുമായി എത്തിയ 'പിക്‌സിസ് പയനിയര്‍' എന്ന കൂറ്റന്‍ ചരക്കുകപ്പല്‍ മംഗലാപുരം തുറമുഖത്തെത്തി. രാജ്യത്ത് പാചകവാതക ക്ഷാമം നേരിടുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ആശങ്കകള്‍ക്കിടെയാണ് കപ്പലിന്റെ വരവ്. ഇതിനു മുന്നോടിയായി, ശനിയാഴ്ച മുന്‍ഗണനാ വിഭാഗങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്കുള്ള വാണിജ്യ എല്‍പിജി വിഹിതം കേന്ദ്ര സര്‍ക്കാര്‍ 20 ശതമാനം കൂടി വര്‍ധിപ്പിച്ചിരുന്നു. ഇതോടെ ആകെ വിഹിതം 50 ശതമാനം ആയി ഉയര്‍ന്നു.
അമേരിക്കന്‍ കപ്പലിനു മുന്‍പായി റഷ്യന്‍ എണ്ണയുമായി 'അക്വാ ടൈറ്റന്‍' എന്ന കപ്പലും മംഗലാപുരത്ത് എത്തി. കപ്പലിന്റെ വലിപ്പക്കൂടുതല്‍ കാരണം ഇത് തുറമുഖത്ത് അടുപ്പിക്കാനായില്ല. തുറമുഖത്ത് നിന്നും 18 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്. സിംഗിള്‍ പോയിന്റ് മൂറിങ് സംവിധാനം വഴി പൈപ്പ് ലൈനിലൂടെ എണ്ണ മാംഗ്ലൂര്‍ റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍ ലിമിറ്റഡ് (എംആര്‍പിഎല്‍) എത്തിക്കും.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ആഗോള ഇന്ധനവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, റഷ്യന്‍ എണ്ണ വില്‍ക്കാന്‍ അമേരിക്ക വ്യാഴാഴ്ച താല്‍ക്കാലിക അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യന്‍ എണ്ണ എത്തിയത്. നേരത്തെയുണ്ടായിരുന്ന 30 ദിവസത്തെ ഇളവിനു പകരമാണ് പുതിയ അനുമതി. എങ്കിലും ഉത്തരകൊറിയ, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള ഇടപാടുകള്‍ക്ക് ഇപ്പോഴും വിലക്കുണ്ട്.