വൈക്കോല്‍ കത്തിക്കല്‍: കര്‍ഷകര്‍ക്കെതിരായ കേസുകള്‍ റദ്ദാക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

Update: 2021-11-17 18:23 GMT

ഛണ്ഡീഗഢ്: വൈക്കോല്‍ കത്തിച്ചതിന്റെ പേരില്‍ പഞ്ചാബില്‍ കര്‍ഷകര്‍ക്കെതിരേ ചുമത്തിയ പോലിസ് കേസുകള്‍ റദ്ദാക്കുമെന്ന് മുഖ്യമന്ത്രി ചരണ്‍ജിത്ത് ഛന്നി. കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. എന്നാല്‍, വൈക്കോല്‍ കത്തിക്കുന്നതിന്റെ പേരില്‍ ഇതുവരെ കര്‍ഷകര്‍ക്കെതിരേ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ ചുമത്തിയ എല്ലാ കേസുകളും പിന്‍വലിക്കുകയാണ്.


 ഇനി മുതല്‍ വൈക്കോലോ കാര്‍ഷിക അവശിഷ്ടങ്ങളോ കൂട്ടിയിട്ട് കത്തിക്കരുതെന്ന് കര്‍ഷകരോട് അഭ്യര്‍ഥിക്കുകയാണ്. കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്നില്ലെന്ന് കേന്ദ്രം ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം ആരംഭിച്ചതിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്കെതിരേ നിരവധി എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട എല്ലാ എഫ്‌ഐആറുകളും റദ്ദാക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

32 കര്‍ഷക സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ നിര്‍ണായക തീരുമാനം. ഡല്‍ഹിയിലും പരിസരത്തും കുറച്ചുദിവസങ്ങളായി തുടരുന്ന രൂക്ഷമായ വായു മലിനീകരണത്തിന്റെ ഒരു പങ്ക് വൈക്കോല്‍ കത്തിക്കുന്നതിനുമുണ്ടെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വിഷയത്തില്‍ സുപ്രിംകോടതിയും ഇടപെട്ടിരുന്നു. സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ ലംഘിച്ച് ദീപാവലി ആഘോഷത്തിന് പടക്കം പൊട്ടിച്ചതിന് ശേഷമാണ് ഡല്‍ഹിയിലെ വായു മലിനീകരണം കൂടുതല്‍ വഷളായത്.

ഈ സീസണില്‍ പഞ്ചാബിലെ കാര്‍ഷിക മേഖലയില്‍ 67,000ലധികം തീപ്പിടിത്തങ്ങള്‍ രേഖപ്പെടുത്തിയതായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. മലിനീകരണ തോത് കുറയ്ക്കാന്‍ ഡല്‍ഹി കര്‍ശന നിയന്ത്രണങ്ങളുമായി മുന്നോട്ടുപോവുന്നതിനിടെയാണ് വൈക്കോല്‍ കത്തിക്കുന്നത് സംബന്ധിച്ച് കര്‍ഷകര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുന്നുവെന്ന പഞ്ചാബ് സര്‍ക്കാരിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. അതേസമയം വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുന്ന കര്‍ഷകസമൂഹത്തെ പ്രീതിപ്പെടുത്താനുള്ള നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.

Tags:    

Similar News