കൊവിഡിനെ തുരത്താന്‍ ഗംഗാജലം; ഗവേഷണം നടത്തണമെന്ന കേന്ദ്രനിര്‍ദേശം തള്ളി ഐസിഎംആര്‍

കൊവിഡ് ബാധയ്‌ക്കെതിരേ ഒറ്റക്കെട്ടായി പോരാടുന്ന ഈ വേളയില്‍ മറ്റ് ഗവേഷണങ്ങള്‍ നടത്തി വെറുതെ കളയാന്‍ തങ്ങളുടെ പക്കല്‍ സമയമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം തള്ളിയതെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.

Update: 2020-05-07 08:12 GMT

ന്യൂഡല്‍ഹി: ലോകത്ത് മഹാമാരിയായി പടര്‍ന്നുപിടിച്ച കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ ഗംഗാജലത്തിനു കഴിയുമോ എന്ന കാര്യത്തില്‍ ഗവേഷണം നടത്തണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം തള്ളി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). കൊവിഡ് ബാധയ്‌ക്കെതിരേ ഒറ്റക്കെട്ടായി പോരാടുന്ന ഈ വേളയില്‍ മറ്റ് ഗവേഷണങ്ങള്‍ നടത്തി വെറുതെ കളയാന്‍ തങ്ങളുടെ പക്കല്‍ സമയമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം തള്ളിയതെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. ദി പ്രിന്റ് ഓണ്‍ലൈനാണ് ഐസിഎംആറിനെ പേരുവെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത്. ഏപ്രില്‍ 3ന് അതുല്യഗംഗ എന്ന എന്‍ജിഒ കൂട്ടായ്മയാണ് ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫിസിനെയും കേന്ദ്ര ജലമന്ത്രാലയത്തെയും സമീപിച്ചത്. തുടര്‍ന്ന് കേന്ദ്ര ജല്‍ശക്തി മന്ത്രാലയം ഐസിഎംആറിന് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നല്‍കുകയായിരുന്നു.

ഗംഗാജലത്തില്‍ ബാക്ടീരിയോഫേജ് എന്ന് അറിയപ്പെടുന്ന പ്രത്യേകതരം 'നിന്‍ജ' വൈറസ് ഉണ്ടെന്നും അവയ്ക്ക് കൊവിഡ് പോലുള്ള മാരകവൈറസുകളെ നശിപ്പിക്കാന്‍ സാധിക്കുമെന്നുമായിരുന്നു അതുല്യഗംഗയുടെ അവകാശവാദം. പ്രത്യേകിച്ച് മലയുടെ മുകളിലെ അരുവിയില്‍നിന്നാണ് ഗംഗാജലം ഉല്‍ഭവിക്കുന്നത്. ഇത്തരത്തില്‍ ഗംഗാജലത്തിന് രോഗശമനത്തിനുള്ള കഴിവുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. ഐഐടി റൂര്‍ക്കി, ഐഐടി കാണ്‍പൂര്‍, സിഎസ്‌ഐആര്‍, ഐഐടിആര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചതായും ഇവര്‍ പറയുന്നു. ഇതുള്‍പ്പെടുത്തിയാണ് ഗംഗാജലത്തില്‍ കൂടുതല്‍ ഗവേഷണം നടത്തണമെന്ന ആവശ്യം പ്രധാനമന്ത്രിയുടെ ഓഫിസിനും ജല്‍ശക്തി മന്ത്രാലയത്തിനും അതുല്യഗംഗ കൈമാറിയത്.

ജല്‍ശക്തി മന്ത്രാലയത്തില്‍നിന്ന് തങ്ങള്‍ക്ക് കത്ത് ലഭിച്ചുവെന്ന് ഐഎംസിആര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ഏപ്രില്‍ 24ന് ഐസിഎംആറിലെ വിദഗ്ധര്‍ ചര്‍ച്ച നടത്തിയിരുന്നതായി അതുല്യഗംഗ അംഗം കേണല്‍ മനോജ് കിശ്വര്‍ പറഞ്ഞു. ഗംഗ ജലത്തില്‍ അടങ്ങിയിരിക്കുന്ന, കൊവിഡിനെ നേരിടാന്‍ സഹായകമായ മൂലകങ്ങളെ തിരിച്ചറിയാന്‍ ഐസിഎംആറിനെ ചുമതലപ്പെടുത്തണമെന്ന് സിസ്‌ഐആര്‍- നീരി ശാസ്ത്രജ്ഞരാണ് നിര്‍ദേശിച്ചത്. ഇത്തരം ഗവേഷണങ്ങള്‍ക്കായി ജല്‍ശക്തി മന്ത്രാലയത്തില്‍നിന്ന് കത്ത് ലഭിച്ച കാര്യം ഐസിഎംആര്‍ സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച് വിദഗ്ധയോഗം ചേര്‍ന്നുവെങ്കിലും ഗവേഷണം ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു.

എന്‍ജിഒ ഇടപെട്ട് ഏതെങ്കിലും ആശുപത്രിയില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്നുണ്ടെങ്കില്‍ സഹായം ഏര്‍പ്പാടാക്കാമെന്ന് 21 ഗവേഷണകേന്ദ്രങ്ങളുള്ള, രാജ്യത്തെ സുപ്രധാന ആരോഗ്യഗവേഷണ സ്ഥാപനമായ ഐസിഎംആര്‍ അധികൃതര്‍ പറഞ്ഞു. കൊവിഡ് ചികില്‍സയ്ക്കായി പ്ലാസ്മ തെറാപ്പി ഉള്‍പ്പടെയുള്ള പഠനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഗംഗാജലത്തില്‍ ബാക്ടീരിയോഫേജ് എന്ന ബാക്ടീരിയ ഉണ്ടെന്നും അതിന് രോഗശമന ശേഷിയുണ്ടെന്നും അവകാശപ്പെടുന്നത് എങ്ങനെ വിശ്വാസത്തിലെടുക്കും. ഗംഗാജലത്തിനോ അതിനുള്ളില്‍ കാണപ്പെടുന്ന ബാക്ടീരിയകള്‍ക്കോ വൈറസിനെ നശിപ്പിക്കാന്‍ കഴിയുമെന്ന് പറയുന്നതില്‍ യാതൊരു യുക്തിയുമില്ലെന്നും ഐസിഎംആര്‍ കൂട്ടിച്ചേര്‍ത്തു.  

Tags:    

Similar News