മതം മാനദണ്ഡമാവരുത്; പൗരത്വനിയമഭേദഗതി ഭരണഘടനാവിരുദ്ധമെന്ന് അമര്‍ത്യാസെന്‍

നിയമം ഭരണഘടനാ വിരുദ്ധമായതിനാല്‍ സുപ്രിംകോടതി തള്ളണം. സുപ്രിംകോടതിയില്‍നിന്ന് നിയമത്തിനെതിരായ വിധിയുണ്ടാവുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Update: 2020-01-08 15:50 GMT

ബംഗളൂരു: പൗരത്വ നിയമ ഭേദഗതി ഭരണഘടനാവിരുദ്ധമെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാനജേതാവുമായ അമര്‍ത്യാസെന്‍. പൗരത്വത്തിനു മതം മാനദണ്ഡമാവുന്നത് അംഗീകരിക്കാനാവുന്നതല്ല. ഭരണഘടന ഇത് അനുവദിക്കുന്നില്ല. നിയമം ഭരണഘടനാ വിരുദ്ധമായതിനാല്‍ സുപ്രിംകോടതി തള്ളണം. സുപ്രിംകോടതിയില്‍നിന്ന് നിയമത്തിനെതിരായ വിധിയുണ്ടാവുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബംഗളൂരുവില്‍ ഇന്‍ഫോസിസ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമര്‍ത്യാസെന്‍. ഒരു വ്യക്തി ജനിച്ചതും താമസിച്ചതും മറ്റുമുള്ള സ്ഥലമാണ് പൗരത്വം തീരുമാനിക്കുന്നതിന് ശരിക്കും പ്രാധാന്യം നല്‍കേണ്ടത്. തന്റെ അഭിപ്രായത്തില്‍ ഇത് ഭരണഘടനയുടെ വ്യവസ്ഥകള്‍ ലംഘിക്കുന്നതാണ്.

മതം അടിസ്ഥാനപ്പെടുത്തി പൗരത്വം നിര്‍ണയിക്കുന്നത് വിവേചനത്തിന് കാരണമാവുമെന്നും അത് അംഗീകരിക്കാനാവില്ലെന്നും കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ തീരുമാനിച്ച കാര്യമാണ്. പൗരത്വം നല്‍കുകയെന്നത് മതത്തില്‍നിന്ന് സ്വതന്ത്രമായിരിക്കണം. പൗരത്വം നല്‍കുന്ന കാര്യം പരിഗണിക്കുമ്പോള്‍, ഒരാള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും മറ്റുമാണ് കണക്കിലെടുക്കേണ്ടത്. അതേസമയം, പീഡനം അനുഭവിക്കുന്ന ഹിന്ദുക്കള്‍ ഉള്‍പ്പടെയുള്ളവരെ മറ്റ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിഗണിക്കണം. ജെഎന്‍യു അക്രമങ്ങളേയും അദ്ദേഹം ശക്തമായി അപലപിച്ചു. പുറത്തുനിന്നുള്ളവര്‍ പ്രവേശിക്കുന്നത് തടയാന്‍ സര്‍വകലാശാലയ്ക്ക് കഴിഞ്ഞില്ല. സര്‍വകലാശാലാ അധികൃതരും പോലിസും തമ്മിലുള്ള ആശയവിനിമയം വൈകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Tags:    

Similar News