ബിനോയ് വിശ്വം പോലിസ് കസ്റ്റഡിയില്‍

Update: 2019-12-21 08:09 GMT

മംഗളൂരു: മംഗളൂരുവില്‍ സിപിഐ  നേതാവ് ബിനോയ് വിശ്വം എംപി പോലിസ് കസ്റ്റഡിയില്‍. മംഗളൂരുവിലെ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയെന്ന് ആരോപിച്ചായിരുന്നു പോലിസ് കസ്റ്റഡിയിലെടുത്തത്. കൂടാതെ സിപിഐ കര്‍ണാടക സംസ്ഥാന സെക്രട്ടറി സാത്തി സുന്ദരേഷ് ഉള്‍പ്പെടെ എട്ട് സിപിഐ നേതാക്കളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രാവിലെ എട്ടിന് ലാല്‍ബാഗിലാണ് സിപിഐ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രകടനത്തിന് പോലിസ് അനുമതി നിഷേധിച്ചിരുന്നു. വിലക്ക് മറികടന്ന് പ്രകടനം നടത്തിയതോടെയാണ് നേതാക്കളെ കസ്റ്റഡിയിലെടുത്തത്. സമരത്തിനായി കേരളത്തില്‍ നിന്നും പ്രവര്‍ത്തകരെ എത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കേരള-മംഗളൂരു ഗതാഗതം പൂര്‍ണമായും തടസപ്പെട്ടതിനാല്‍ പ്രവര്‍ത്തകര്‍ക്ക് മംഗളൂരുവിലെത്തിനായില്ല.

തുടര്‍ന്ന് മംഗളൂരുവില്‍ നിന്നുളള പ്രവര്‍ത്തകരേയും കൂട്ടിയാണ് ബിനോയ് വിശ്വം പ്രതിഷേധം നടത്തിയത്. മഹാത്മാ ഗാന്ധിയുടേയും അംബേദ്കറുടേയും ചിത്രങ്ങളുമായി നഗരത്തിലെത്തിയ ഇവരെ പോലിസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രതിഷേധത്തില്‍ മംഗളൂരുവില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇവിടെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കര്‍ഫ്യുവിനൊപ്പം ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലയില്‍ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് വിലക്കും തുടരുന്നുണ്ട്.



Similar News