ബജറ്റ് നിര്‍ദേശങ്ങള്‍ റെയില്‍വേയുടെ സ്വകാര്യവല്‍ക്കരണത്തിന് വഴിതുറക്കുന്നത്: എന്‍ കെ പ്രേമചന്ദ്രന്‍ എംപി

150 യാത്രാതീവണ്ടി സര്‍വീസുകള്‍ പൊതുസ്വകാര്യ, സംയുക്തപങ്കാളിത്തതോടെ ഈ വര്‍ഷം ആരംഭിക്കാനുളള നീക്കം ഇതിന്റെ ഭാഗമാണ്. സ്റ്റേഷനുകളുടെ വികസനവും പുനര്‍നിര്‍മാണവും സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

Update: 2020-03-13 09:51 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ സ്വകാര്യവല്‍ക്കരണത്തിന് വഴിതുറക്കുന്നതാണ് ഈ വര്‍ഷത്തെ ബജറ്റ് നിര്‍ദേശങ്ങളെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ പറഞ്ഞു. റെയില്‍വേയുടെ ധനാഭ്യര്‍ഥനകളെ എതിര്‍ത്ത് ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 150 യാത്രാതീവണ്ടി സര്‍വീസുകള്‍ പൊതുസ്വകാര്യ, സംയുക്തപങ്കാളിത്തതോടെ ഈ വര്‍ഷം ആരംഭിക്കാനുളള നീക്കം ഇതിന്റെ ഭാഗമാണ്. സ്റ്റേഷനുകളുടെ വികസനവും പുനര്‍നിര്‍മാണവും സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ഘട്ടംഘട്ടമായി സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണത്തിലേക്കാണ് റെയില്‍വേ നീങ്ങുന്നത്. രാജ്യത്തെ സാധാരണ ജനങ്ങളുടെ യാത്രയ്ക്കുളള പ്രധാന ആശ്രയമായ റെയില്‍വേയുടെ സ്വകാര്യവല്‍ക്കരണം രാജ്യതാല്‍പര്യത്തിനെതിരാണ്. ഓരോ വര്‍ഷം കഴിയുന്തോറും റെയില്‍വേയുടെഓപറേറ്റിങ് റേഷന്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. ഭിന്നശേഷിയുളളവര്‍ക്കുളള പ്രത്യേക റെയില്‍കോച്ചുകള്‍ പല തീവണ്ടികളില്‍നിന്നും ഒഴിവാക്കുന്നത് മനുഷ്യത്വരഹിതമാണ്. 2016 ലെ ഭിന്നശേഷിക്കാരുടെ അവകാശനിയമം അനുസരിച്ച് അവര്‍ക്ക് പ്രത്യേകസൗകര്യം തീവണ്ടിയില്‍ നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും എംപി കൂട്ടിച്ചേര്‍ത്തു. 

Tags: