ഇത് വിവാഹസമ്മാനം; കലാപകാരികള്‍ കത്തിച്ച വീട് പുനര്‍നിര്‍മിക്കാന്‍ ജവാന് സഹായവുമായി ബിഎസ്എഫ്
ആദ്യപടിയായി അഞ്ചുലക്ഷം രൂപയുടെ ചെക്ക് കോണ്‍സ്റ്റബിള്‍ മുഹമ്മദ് അനീസിന്റെ കുടുംബത്തിന് കൈമാറി. വീട് നിര്‍മിക്കാനാവശ്യമായ മുഴുവന്‍ സാമ്പത്തികസഹായവും ബിഎസ്എഫ് നല്‍കുമെന്നും എന്‍ജിനീയറിങ് സംഘം അനീസിന്റെ വീട്ടിലെത്തി നാശനഷ്ടം കണക്കാക്കുമെന്നും ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ വിവേക് ജോഹ്‌റി പറഞ്ഞു.
ന്യൂഡല്‍ഹി: കലാപത്തിനിടെ കലാപകാരികള്‍ തീവച്ചുനശിപ്പിച്ച ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ അനീസിന്റെ വീട് പുനര്‍നിര്‍മിക്കാന്‍ സഹായവുമായി ബിഎസ്എഫ് രംഗത്ത്. ആദ്യപടിയായി അഞ്ചുലക്ഷം രൂപയുടെ ചെക്ക് കോണ്‍സ്റ്റബിള്‍ മുഹമ്മദ് അനീസിന്റെ കുടുംബത്തിന് കൈമാറി. വീട് നിര്‍മിക്കാനാവശ്യമായ മുഴുവന്‍ സാമ്പത്തികസഹായവും ബിഎസ്എഫ് നല്‍കുമെന്നും എന്‍ജിനീയറിങ് സംഘം അനീസിന്റെ വീട്ടിലെത്തി നാശനഷ്ടം കണക്കാക്കുമെന്നും ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ വിവേക് ജോഹ്‌റി പറഞ്ഞു.
അടുത്തമാസമാണ് അനീസിന്റെ വിവാഹം. എന്നാല്‍, വീട് നശിച്ചതോടെ വിവാഹവും അനിശ്ചിതത്വത്തിലായി. അനീസിനുള്ള വിവാഹസമ്മാനമായിരിക്കും ബിഎസ്എഫ് നിര്‍മിച്ചുനല്‍കുന്ന വീടെന്ന് ഡയറക്ടര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു. കലാപത്തിനിടെ വീട് നശിപ്പിക്കപ്പെട്ട വിവരം അനീസ് ബിഎസ്എഫിനെ അറിയിച്ചിരുന്നില്ല. എന്നാല്‍, പത്രവാര്‍ത്തകളിലൂടെ വിവരമറിഞ്ഞാണ് ബിഎസ്എഫ് അനീസിനെ സഹായിക്കാന്‍ തയ്യാറായത്. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ കലാപത്തിനിടെയാണ് ഖാസ്ഖജൂരിയിലെ അനീസിന്റെ വീട് അക്രമകാരികള്‍ തീവച്ചുനശിപ്പിച്ചത്.
അനീസിന്റേതുള്‍പ്പെടെ രണ്ടുവിവാഹം അടുത്ത രണ്ടുമാസങ്ങളിലായി നടക്കാനിരിക്കുന്ന വീടാണ് അക്രമികള്‍ തീവച്ചത്. ''പാകിസ്താനീ, ഇവിടെ വാ, നിങ്ങള്‍ക്ക് പൗരത്വം തരാം'' എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. ബംഗാള്‍ സിലിഗുരിയിലാണ് 29കാരനായ മുഹമ്മദ് അനീസ് ജോലിചെയ്യുന്നത്. അനീസിന് ഉടന്‍ ഡല്‍ഹിയിലേക്ക് സ്ഥലംമാറ്റം നല്‍കുമെന്ന് ബിഎസ്എഫ് ഒരു കുടുംബം പോലെയാണെന്നും ജീവനക്കാര്‍ക്ക് സഹായം നല്‍കുമെന്നും ഡയറക്ടര്‍ പറഞ്ഞു.