പോലിസ് സ്റ്റേഷനില്‍ ക്രൂര മര്‍ദനം, ദലിത് യുവാവ് പുനരധിവാസ കേന്ദ്രത്തില്‍ മരിച്ച നിലയില്‍

Update: 2025-11-28 14:36 GMT

ബെംഗളൂരു: പോലിസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായ ദലിത് യുവാവ് ബെംഗളൂരുവിലെ സ്വകാര്യ പുനരധിവാസ കേന്ദ്രത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മദ്യത്തിന് അടിമയായ ദര്‍ശനെ നവംബര്‍ 12 ന് വീടിനു സമീപം ഉണ്ടായ സംഘര്‍ഷത്തിന് ഒടുവില്‍ വിവേക് നഗര്‍ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പോലിസ് അദ്ദേഹത്തെ വിട്ടയക്കുകയോ കാണാന്‍ അനുവദിക്കുകയോ ചെയ്തില്ലെന്ന് ദര്‍ശന്റെ അമ്മ ആദിലക്ഷ്മി പറയുന്നു.

അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പവനും മറ്റ് രണ്ട് പോലിസുകാരും ദര്‍ശനെ സ്റ്റേഷനിനുള്ളില്‍ ക്രൂരമായി ആക്രമിച്ചതായും നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായതായും ആദിലക്ഷ്മി ആരോപിക്കുന്നു. പിന്നീട് നവംബര്‍ 15 ന്, ദര്‍ശനെ പുനരധിവാസ കേന്ദ്രത്തില്‍ പോലിസ് നിര്‍ദേശപ്രകാരം പ്രവേശിപ്പിച്ചു. ദര്‍ശന്‍ സുഖം പ്രാപിക്കുന്നതായാണ് എല്ലാ ദിവസവും പുനരധിവാസ കേന്ദ്രത്തില്‍ നിന്ന് കുടുംബത്തെ അറിയിച്ചിരുന്നത്.

നവംബര്‍ 26 ന്, ശ്വാസ സംബന്ധമായ അസുഖം കാരണം ദര്‍ശന്‍ മരിച്ചെന്നാണ് പുനരധിവാസ കേന്ദ്രത്തില്‍ നിന്നും അറിയിച്ചത്. കുടുംബാംഗങ്ങള്‍ അവിടേക്ക് എത്തിയപ്പോള്‍ മൃതദേഹം പുനരധിവാസ കേന്ദ്രത്തില്‍ ഉണ്ടായിരുന്നില്ല. നെലമംഗല സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റുകയായിരുന്നു. മരിച്ച നിലയിലാണ് ദര്‍ശനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. നെഞ്ചിലും കാലുകളിലും ഒന്നിലധികം മുറിവുകള്‍ കണ്ടെത്തിയിരുന്നു. ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തില്‍ ശരീരത്തില്‍ നിരവധി പഴയ പരുക്കുകള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.

മാടനായകനഹള്ളി പോലിസ് ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും പുനരധിവാസ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് എതിരെയും കേസ് റജിസ്റ്റര്‍ ചെയ്തു. പട്ടികജാതിക്കാരനായ തന്റെ മകന്‍ ഉയര്‍ന്ന ജാതിക്കാരായ പോലിസുകാരുടെ കസ്റ്റഡി ആക്രമണവും പുനരധിവാസ കേന്ദ്രത്തിന്റെ അനാസ്ഥയും മൂലമാണ് മരിച്ചതെന്ന് മാതാവ് ആദിലക്ഷ്മി ആരോപിക്കുന്നു.