വാഷിങ്ടണ്‍: അദാനിക്കെതിരായ കൈക്കൂലി കേസില്‍ ഇന്ത്യയോട് സഹായം തേടി യുഎസ് കമ്മിഷന്‍. വ്യവസായി ഗൗതം അദാനിക്കെതിരെയും അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനിക്കെതിരെയുമുള്ള അമേരിക്കയിലെ അഴിമതിക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ആണ് യുഎസ് സഹായം ആവശ്യപ്പെട്ടത്. 265 മില്യണ്‍ യുഎസ് ഡോളറിന്റെ അഴിമതിക്കേസിലാണ് ഗൗതം അദാനിക്കെതിരെയും സാഗറിനെതിരെയുമുള്ള അന്വേഷണത്തില്‍ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയത്.
ഇരുവര്‍ക്കുമെതിരെയുള്ള പരാതി നല്‍കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് യുഎസ് എസ്ഇസി ന്യൂയോര്‍ക്ക് ജില്ലാ കോടതിയെ അറിയിച്ചു. സോളാര്‍ കരാറുകള്‍ക്കായി ഗൗതം അദാനി 265 മില്യണ്‍ ഡോളര്‍ കൈക്കൂലി നല്‍കിയതായാണ് കേസ്. 2020-2024 കാലയളവില്‍ വൈദ്യുതി വിതരണ കമ്പനികളില്‍ നിന്ന് സൗരോര്‍ജ്ജ കരാറുകള്‍ ലഭിക്കുന്നതിന് ഗൗതം അദാനിയും കൂട്ടാളികളും 265 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 2,029 കോടി രൂപ) കൈക്കൂലി നല്‍കിയെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം നവംബറില്‍ യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ചുമത്തിയിരുന്നു.
ഇന്ത്യയില്‍ സൗരോര്‍ജ്ജ കരാറുകള്‍ നേടിയെടുക്കാന്‍ വ്യവസായി കൈക്കൂലി വാങ്ങിയെന്നും വഞ്ചനാപരമായ സാമ്പത്തിക വെളിപ്പെടുത്തലുകളിലൂടെ അമേരിക്കന്‍ നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചെന്നും ഗൗതം അദാനിക്കെതിരായ യുഎസിലെ കുറ്റപത്രത്തില്‍ ആരോപിക്കുന്നു .
ജോ ബൈഡന്‍ ഭരണകൂടത്തിന്റെ കീഴില്‍ നടന്ന ഈ കുറ്റപത്രം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് അദാനി ഗ്രൂപ്പ് തള്ളിക്കളഞ്ഞു. സാധ്യമായ എല്ലാ നിയമപരമായ വഴികളും തേടുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, അദാനിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന നിയമനടപടികളില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) പറഞ്ഞിരുന്നു
