ചെന്നൈ : നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌ക്കെതിരെ പരാതി. ടിവികെയുടെ സമ്മേളനത്തില്‍ പങ്കെടുത്ത യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജയ്‌ക്കെതിരെ കേസെടുത്തത്. ബൗണ്‍സര്‍മാര്‍ റാംപില്‍ നിന്ന് തള്ളിയിട്ടെന്ന പരാതിയിലാണ് നടപടി. വിജയ്ക്കും 10 ബൗണ്‍സര്‍മാര്‍ക്കും എതിരെയാണ് കേസെടുത്തത്. അതിക്രമം നേരിട്ട പെരമ്പളൂര്‍ സ്വദേശിയായ യുവാവ് പെരമ്പളൂര്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു.
ഈ മാസം 21ന് മധുരയില്‍ നടന്ന ടിവികെ സമ്മേളനത്തിലാണ് സംഭവം. വിജയ് വേദിയിലേക്ക് നടന്നുവരുന്നതിനിടെ യുവാവ് റാംപിലേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു. ബൗണ്‍സര്‍മാര്‍ റാംപില്‍ നിന്ന് എടുത്ത് എറിഞ്ഞുവെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇതിനുപിന്നാലെയാണ് യുവാവ് പരാതി നല്‍കിയത്. യുവാവ് റാംപിലേക്ക് കയറാന്‍ ശ്രമിക്കുന്നതും ബൗണ്‍സര്‍മാര്‍ നിലത്തേക്ക് എറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. റാംപിലേക്ക് കയറാന്‍ ശ്രമിച്ച മറ്റു ചിലരെയും ബൗണ്‍സര്‍മാര്‍ തട്ടിമാറ്റുന്നത് വീഡിയോയില്‍ കാണാം.
ബൗണ്‍സര്‍മാരുടെ നടപടിയില്‍ തനിക്ക് പരിക്കേറ്റുവെന്നും മാനസികമായി ബുദ്ധിമുട്ടുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. വിഷയത്തില്‍ ടിവികെയും വിജയ്‌യും പ്രതികരിച്ചിട്ടില്ല. ബിഎന്‍എസ് സെക്ഷന്‍ 189(2), 296(ആ), 115(ക) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.