ധര്‍മസ്ഥലയില്‍ കണ്ടെത്തിയ അസ്ഥിഭാഗങ്ങള്‍ ഏതൊക്കെയെന്ന് തിരിച്ചറിഞ്ഞു; ബാക്കിയുള്ള ഭാഗങ്ങള്‍ക്കായി കൂടുതല്‍ പരിശോധന

Update: 2025-08-01 07:08 GMT

ധര്‍മസ്ഥല: കര്‍ണാടകയിലെ ധര്‍മ്മസ്ഥലയില്‍ നിന്ന് കണ്ടെത്തിയ അസ്ഥി ഭാഗങ്ങള്‍ ഏതൊക്കെയെന്ന് തിരിച്ചറിഞ്ഞു. കണ്ടെത്തിയ അസ്ഥികളില്‍ അഞ്ചെണ്ണം പല്ല് , ഒന്ന് താടിയെല്ല്, രണ്ട് തുടയെല്ല്, ബാക്കി ഉള്ളവ പൊട്ടിയ നിലയില്‍ ഉള്ള അസ്ഥിഭാഗങ്ങളാണ്. ബാക്കിയുള്ള ഭാഗങ്ങള്‍ ഏതൊക്കെ എന്ന് തിരിച്ചറിയാന്‍ വിശദമായി ഫോറന്‍സിക് പരിശോധന നടത്തും. ഇവ പരിശോധിക്കുന്നത് ബംഗളുരുവിലെ എഫ്എസ്എല്‍ ലാബിലാണ്. ശേഖരിച്ച അസ്ഥി ഭാഗങ്ങള്‍ ഇന്ന് തന്നെ ബംഗളൂരുവിലേക്ക് അയക്കും. മൃതദേഹം മറവ് ചെയ്‌തെന്ന് ധര്‍മസ്ഥല ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളി ചൂണ്ടിക്കാട്ടിയ സ്ഥലത്ത് ഇന്നും പരിശോധനകള്‍ നടക്കുന്നുണ്ട്.

ധര്‍മസ്ഥലയിലെ ആറ് പോയന്റുകളില്‍ പരിശോധന പൂര്‍ത്തിയാക്കി പ്രത്യേകാന്വേഷണസംഘം ഇന്ന് വനമേഖലയ്ക്ക് അകത്ത് തന്നെയുള്ള ഏഴാമത്തെ പോയന്റില്‍ കുഴിച്ച് പരിശോധന തുടങ്ങും. ഇന്നലത്തെ പരിശോധനയിലാണ് അന്വേഷണത്തില്‍ വഴിത്തിരിവായി സാക്ഷി ചൂണ്ടിക്കാണിച്ച സ്ഥലത്ത് നിന്ന് അസ്ഥിക്കഷ്ണങ്ങള്‍ കിട്ടിയത്. ശുചീകരണ തൊഴിലാളി കഴിഞ്ഞ ദിവസങ്ങളില്‍ ചൂണ്ടിക്കാണിച്ച 5 സ്ഥലങ്ങളിലും കുഴിച്ചെങ്കിലും ഒന്നും കിട്ടിയിരുന്നില്ല. അന്വേഷണം ആരംഭിച്ചതിനുശേഷം വ്യക്തമായ ഫോറന്‍സിക് തെളിവുകള്‍ നല്‍കുന്ന ആദ്യ സ്ഥലമാണ് ആറാമത്തെ പോയിന്റ്. രണ്ടടി താഴ്ചയില്‍ കുഴിച്ചപ്പോഴാണ് അസ്ഥികള്‍ കണ്ടെത്തിയത്.

നൂറോളം മൃതദേഹങ്ങള്‍ കുഴിക്കാന്‍ നിര്‍ബന്ധിതനായി എന്നു വെളിപ്പെടുത്തിയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. ധര്‍മ്മസ്ഥല ക്ഷേത്രത്തിന് സമീപത്തെ നേത്രാവതി സ്നാനഘട്ടത്തിനു സമീപം വനത്തിലും റോഡരികിലുമായി 13 സ്ഥലങ്ങളാണ് പരിശോധനയ്ക്കായി പോലിസ് അടയാളപ്പെടുത്തിയിരിക്കുന്നത്. സാക്ഷിയുടെ മൊഴി കണക്കിലെടുക്കാതെ കര്‍ണാടക സര്‍ക്കാര്‍ നടപടികള്‍ വൈകിയതോടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നീടാണ് ധര്‍മസ്ഥല കൊലപാതക പരമ്പരയെ സംബന്ധിച്ച വെളിപ്പെടുത്തലില്‍ അന്വേഷണം നടക്കുന്നത്. കേസില്‍ ആരോപിതനായ വീരേന്ദ്ര ഹെഗ്ഗഡെയ്ക്ക് സാമുദായികമായി ഉള്ള പിന്തുണയും ഒപ്പം കര്‍ണാടകയിലെ പ്രതിപക്ഷത്തിനുള്ള ബിജെപിയില്‍ നിന്നുള്ള പിന്‍ബലവും കേസില്‍ വലിയ ചോദ്യചിഹ്നങ്ങള്‍ ഉയര്‍ത്തിയിരുന്നു.

Tags: