ഉപരാഷ്ട്രപതിയുടെ മൈലാപ്പൂരിലെ വസതിയില്‍ ബോംബ് ഭീഷണി: ചെന്നൈയില്‍ സുരക്ഷാ ഭീതി
ചെന്നൈ: ഇന്നലെ രാത്രി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ മൈലാപ്പൂരിലെ വസതിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത ഇ-മെയില്‍ സന്ദേശം ചെന്നൈയില്‍ സുരക്ഷാ ഭീതി പരത്തി. സന്ദേശം ലഭിച്ച ഉടന്‍ തന്നെ പോലിസ് സംഘം സ്ഥലത്തെത്തി പ്രദേശം വളയുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍, സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന്, ഭീഷണി വ്യാജമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഇന്നലെ വൈകുന്നേരം സിറ്റി പോലിസ് സ്റ്റേഷനിലാണ് ഇമെയില്‍ സന്ദേശം ലഭിച്ചത്. മൈലാപ്പൂരിലെ ഈ വീട് കുറച്ചുകാലമായി അടച്ചിട്ടിരിക്കുകയായിരുന്നു.
പോലിസ് സംഘം സി.പി. രാധാകൃഷ്ണന്റെ പോയസ് ഗാര്‍ഡനിലെ വസതിയിലും പരിശോധന നടത്തി. ചെന്നൈയില്‍ വിഐപികള്‍, സ്‌കൂളുകള്‍, മാധ്യമസ്ഥാപനങ്ങള്‍, ഐടി കമ്പനികള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് അടുത്തിടെ ബോംബ് ഭീഷണികള്‍ വര്‍ധിക്കുന്നതിനിടെയാണ് ഉപരാഷ്ട്രപതിയുടെ വസതിയിലേക്ക് സന്ദേശം എത്തിയത് എന്നത് സുരക്ഷാ ഏജന്‍സികളെ കൂടുതല്‍ ആശങ്കയിലാക്കിയിട്ടുണ്ട്. ഈ ഭീഷണികളില്‍ പലതും വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞിട്ടുണ്ട്.