ബോളിവുഡ് ഇതിഹാസ താരം ധര്‍മ്മേന്ദ്രയുടെ വ്യാജ മരണ വാര്‍ത്തയില്‍ പ്രതികരിച്ച് ഭാര്യ ഹേമ മാലിനിയും മക്കളും
മുംബൈ: പ്രശസ്ത ബോളിവുഡ് താരം ധര്‍മ്മേന്ദ്രയുടെ മരണ വാര്‍ത്തയില്‍ പ്രതികരിച്ച് കുടുംബം. ചികിത്സയിലുള്ള ഒരു വ്യക്തിയെ കുറിച്ച് ഉത്തരവാദിത്തമുള്ള ചാനലുകള്‍ക്ക് ഇത്തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ കഴിയുന്നത് എങ്ങനെയെന്നാണ് ഹേമ മാലിനി ചോദിക്കുന്നത്.
പിതാവിന്റെ മരണ വാര്‍ത്ത തള്ളി മകള്‍ ഇഷ ഡിയോള്‍ രംഗത്ത്. മാധ്യമങ്ങള്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നുവെന്നും പിതാവിന്റെ ആരോഗ്യം മെച്ചപ്പെട്ട് വരികയാണെന്നും ഇഷ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലുള്ള ധര്‍മ്മേന്ദ്ര ഉടന്‍ സുഖം പ്രാപിക്കുമെന്നും മകന്‍ സണ്ണി ഡിയോള്‍ അറിയിച്ചു.
'മാധ്യമങ്ങള്‍ ധൃതിയില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി തോന്നുന്നു. എന്റെ പിതാവ് ഇപ്പോള്‍ ആരോഗ്യവാനാണ്, അദ്ദേഹം സുഖം പ്രാപിച്ച് വരികയാണ്. ഞങ്ങളുടെ കുടുംബത്തിന് സ്വകാര്യത നല്‍കാന്‍ എല്ലാവരോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. അദ്ദേഹം എത്രയും വേഗത്തില്‍ സുഖം പ്രാപിക്കാനുള്ള നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി' -ഇപ്രകാരമാണ് ഇഷ ഡിയോള്‍ കുറിച്ചത്. അതേസമയം പോസ്റ്റിന്റെ കമന്റ് സെക്ഷന്‍ ഇഷ ഡിയോള്‍ ഓഫ് ആക്കി വച്ചു.
ധര്‍മ്മേന്ദ്രയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കും കിംവദന്തികള്‍ക്കും ഇടയില്‍, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് സണ്ണി ഡിയോളിന്റെ ടീം പ്രസ്താവന പുറത്തിറക്കി. 'ധര്‍മ്മേന്ദ്രയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരികയാണ്. അദ്ദേഹം നിരീക്ഷണത്തിലാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമ്പോള്‍ പങ്കുവെക്കും. അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണം. കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു,' -സണ്ണി ഡിയോളിന്റെ ടീം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് താരത്തെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ ധര്‍മ്മേന്ദ്രയെ കാണാന്‍ ആരാധകരും സഹതാരങ്ങളും ആശുപത്രിയിലേക്ക് ഒഴുകിയെത്തിയിരുന്നു.
അതേമസമയം ഷാഹിദ് കപൂര്‍, കൃതി സനോണ്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തിയ 'തേരി ബാത്തോം മേം ഐസാ ഉല്‍ഝാ ജിയാ' എന്ന ചിത്രത്തിലാണ് ധര്‍മേന്ദ്ര ഏറ്റവും ഒടുവിലായി അഭിനയിച്ചത്. അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദ നായകനാവുന്ന 'ഇക്കിസ്' ആണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

