ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് രാജസ്ഥാന്‍

Update: 2021-05-19 17:43 GMT

ജയ്പൂര്‍: രാജസ്ഥാനില്‍ ബ്ലാക്ക് ഫംഗസിനെ (മ്യൂക്കോര്‍മൈക്കോസിസ്) പകര്‍ച്ചവ്യാധിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി അശോക് ഗെലോട്ടാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് നൂറിലധികം ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. ബ്ലാക്ക് ഫംഗസ്, കൊവിഡ് എന്നിവയുടെ സംയോജിതവും ഏകോപിതവുമായ ചികില്‍സ ഉറപ്പാക്കാനാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാന ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അഖില്‍ അറോറ ഇതുസംബന്ധിച്ച് വിജ്ഞാപനവും പുറപ്പെടുവിച്ചു. 2020ലെ രാജസ്ഥാന്‍ എപ്പിഡമിക് ആക്ട് പ്രകാരമാണ് പ്രഖ്യാപനം. നിലവില്‍ ബ്ലാക്ക് ഫംഗസ് ബാധിതരായ രോഗികളെയെല്ലാം ജയ്പൂരിലെ സവായ് മന്‍ സിങ് (എസ്എംഎസ്) ആശുപത്രിയില്‍ സജ്ജീകരിച്ച പ്രത്യേകം വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണെന്നും ഇവര്‍ക്ക് വേണ്ട ചികില്‍സ നല്‍കിവരുന്നുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ബ്ലാക്ക് ഫംഗസിനെതിരായ മരുന്നുകള്‍ വാങ്ങാന്‍ രാജസ്ഥാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഭാരത് സിറംസ് ആന്റ് വാക്‌സിന്‍സ് ലിമിറ്റഡിന് ഓര്‍ഡര്‍ നല്‍കി. കൊവിഡില്‍നിന്ന് മുക്തരാവുന്നവരെ ബാധിച്ചുകൊണ്ടിരിക്കുന്ന രോഗമാണ് ബ്ലാക്ക് ഫംഗസ്. വിദഗ്ധരുടെ അഭിപ്രായത്തില്‍ പ്രമേഹമുള്ളവര്‍ക്ക് ബ്ലാക്ക് ഫംഗസ് അണുബാധ വരാനുള്ള സാധ്യത കൂടുതലാണ്.

Tags: