ബിജെപി പ്രവർത്തകന്റെ വധം; വെടിവച്ചത് ബിജെപിക്കാർ തന്നെയെന്ന് ബംഗാൾ പോലിസ്

പ്രതിഷേധത്തിൽ സായുധരായ ആളുകളെ ബിജെപി കൊണ്ടുവന്ന് വെടിയുതിർക്കുകയായിരുന്നുവെന്നും പശ്ചിമ ബംഗാൾ പോലിസ് ട്വീറ്റിൽ പറഞ്ഞു.

Update: 2020-12-08 10:21 GMT

കൊൽക്കത്ത: സിലിഗുരിയിൽ നടന്ന ബിജെപി റാലിയിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ വെടിയേറ്റതിനെത്തുടർന്നാണ് മരിച്ചതെന്നും സേന അത്തരമൊരു ആയുധം ഉപയോഗിക്കുന്നില്ലെന്നും പശ്ചിമ ബംഗാൾ പോലിസ്. തിങ്കളാഴ്ച നടന്ന പാർട്ടി റാലിയിൽ ബിജെപി പ്രവർത്തകൻ ഉല്ലെൻ റോയിയുടെ മരണം സംബന്ധിച്ച അന്വേഷണം സിഐഡിക്ക് കൈമാറി.

പോസ്റ്റ്‌മോർട്ടം റിപോർട്ട് അനുസരിച്ച് ഷോട്ട്ഗൺ പരിക്കുകൾ മൂലമാണ് മരണം സംഭവിച്ചത്. പോലിസ് വെടിവച്ചിട്ടില്ല. സിലിഗുരിയിൽ ഇന്നലെ നടന്ന പ്രതിഷേധത്തിൽ സായുധരായ ആളുകളെ ബിജെപി കൊണ്ടുവന്ന് വെടിയുതിർക്കുകയായിരുന്നുവെന്നും പശ്ചിമ ബംഗാൾ പോലിസ് ട്വീറ്റിൽ പറഞ്ഞു.

പ്രതിഷേധ റാലിയിൽ മരിച്ചയാളുടെ അടുത്ത് നിന്ന് ഒരാൾ വെടിയുതിർത്തപ്പോഴാണ് വെടിയേറ്റ് മരിച്ചത്. പ്രതിഷേധ പരിപാടികളിൽ ആയുധധാരികളെ കൊണ്ടുവന്ന് വെടിവയ്ക്കാൻ പ്രേരിപ്പിക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. തോക്കുകൾ ഉപയോഗിച്ച് അക്രമം സൃഷ്ടിക്കാൻ ബിജെപി ഉദ്ദേശിക്കുന്നുണ്ടെന്നും അന്വേഷിക്കാൻ സിഐഡിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംസ്ഥാന പോലിസ് പറഞ്ഞു.