സീറ്റ് കിട്ടാത്തതിന്റെ പേരില്‍ ബിജെപി വിടില്ല: അല്‍ഫോണ്‍സ് കണ്ണന്താനം

അതേ സമയം പാര്‍ലമെന്റില്‍ ബിജെപിക്ക് മുസ്‌ലിം പ്രാതിനിധ്യം ഇല്ലാതായേക്കും.

Update: 2022-05-31 16:27 GMT

കൊച്ചി: സീറ്റ് കിട്ടാത്തതിന്റെ പേരില്‍ ബി ജെ പി വിടില്ലന്ന് മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടി നേതൃത്വം ന്യൂനപക്ഷങ്ങളോട് വിവേചനം കാണിച്ചിട്ടില്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

അതേ സമയം പാര്‍ലമെന്റില്‍ ബിജെപിക്ക് മുസ്‌ലിം പ്രാതിനിധ്യം ഇല്ലാതായേക്കും. രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ട കേന്ദ്രമന്ത്രി മുക്താര്‍ അബാസ് നഖ്‌വി ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് സൂചനയുണ്ട്. ബിജെപിയുടെ രാജ്യസഭാംഗങ്ങളായ ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബാസ് നഖ്‌വി, എം ജെ അക്ബര്‍, സയ്ദ് സഫര്‍ ഇസ്‌ലാം എന്നിവരുടെ കാലാവധി അവസാനിക്കുകയാണ്.

പുതിയ സ്ഥാനാര്‍ഥികളില്‍ മുസ്‌ലിം വിഭാഗത്തില്‍ നിന്ന് ആരുമില്ല. ലോക്‌സഭയിലും രാജ്യസഭയിലും ബിജെപിയുടെ മുസ്‌ലിം പ്രാതിനിധ്യം ഇല്ലാതായേക്കും. നഖ്‌വി യുപിയിലെ റാംപുര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാധ്യതയുണ്ടെന്നറിയുന്നു. സമാജ്‌വാദിയുടെ മുതിര്‍ന്ന നേതാവ് അസം ഖാന്‍ രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ്. മൂന്ന് ടേം പൂര്‍ത്തിയാക്കിയവര്‍ക്ക് സീറ്റ് നല്‍കില്ലെന്ന നയത്തിന്റെ ഭാഗമായാണ് നഖ്‌വിയെ പരിഗണിക്കാത്തതെന്ന് ബിജെപി പറയുന്നു.

മാധ്യമരംഗത്തുനിന്നുള്ള സുഭാഷ് ചന്ദ്രയെ രാജസ്ഥാനിലും കാര്‍ത്തികേയ ശര്‍മയെ ഹരിയാനയിലും സ്വതന്ത്രസ്ഥാനാര്‍ഥികളാക്കി കോണ്‍ഗ്രസിന്റെ ജയസാധ്യത ബിജെപി പ്രതിസന്ധിയിലാക്കി. മഹാരാഷ്ട്രയില്‍ ധനഞ്ജയ് മാധിക്കിനെ മൂന്നാം സ്ഥാനാര്‍ഥിയാക്കി ശിവസേന നേതാവ് സഞ്ജയ് പവാറിന് ബിജെപി കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്.