പശ്ചിമ ബംഗാള്‍ പിടിക്കാന്‍ മെഗാ രഥയാത്രകളുമായി ബിജെപി

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ വോട്ടുറപ്പിക്കാന്‍ 'പരിവര്‍ത്തനയാത്ര' എന്ന പേരിലാണ് സംസ്ഥാനത്തുടനീളം രഥയാത്രകള്‍ സംഘടിപ്പിക്കുന്നത്. 294 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോവുന്ന രീതിയിലാണ് രഥയാത്രകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ദേശീയ നേതാക്കള്‍ യാത്രകള്‍ക്ക് നേതൃത്വം നല്‍കും.

Update: 2021-02-02 03:27 GMT

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പശ്ചിമ ബംഗാളില്‍ മെഗാ രഥയാത്രകള്‍ നടത്താനൊരുങ്ങി ബിജെപി. അഞ്ച് മെഗാ രഥയാത്രകളാണ് ബംഗാളിലുടനീളം നടത്തുന്നത്. ആദ്യ രഥയാത്ര ഫെബ്രുവരി ആറിന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഉദ്ഘാടനം ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ വോട്ടുറപ്പിക്കാന്‍ 'പരിവര്‍ത്തനയാത്ര' എന്ന പേരിലാണ് സംസ്ഥാനത്തുടനീളം രഥയാത്രകള്‍ സംഘടിപ്പിക്കുന്നത്. 294 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോവുന്ന രീതിയിലാണ് രഥയാത്രകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ദേശീയ നേതാക്കള്‍ യാത്രകള്‍ക്ക് നേതൃത്വം നല്‍കും.

ഒരുമാസം നീണ്ടുനില്‍ക്കുന്ന് രീതിയിലാവും യാത്രകള്‍ സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാനത്തെ ഉന്നത ബിജെപി നേതാക്കള്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബംഗാളിലേക്ക് വരാന്‍ സാധ്യതയുണ്ട്. വെള്ളിയാഴ്ച ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്ന് ജനുവരി 30, ജനുവരി 31 തിയ്യതികളില്‍ കിഴക്കന്‍ മേഖലയില്‍ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്തിലേക്കുള്ള രണ്ടുദിവസത്തെ സന്ദര്‍ശനം അമിത്ഷാ റദ്ദാക്കിയിരുന്നു. അടുത്തയാഴ്ച കുറഞ്ഞത് രണ്ട് രഥയാത്രകള്‍ ആരംഭിക്കും. കിഴക്കന്‍ മിഡ്‌നാപൂരിലെ ഹാല്‍ദിയയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫെബ്രുവരി 7ന് പശ്ചിമ ബംഗാളിലെത്തും.

പശ്ചിമ ബംഗാളിലെ അഞ്ച് സംഘടനാ മേഖലകളില്‍ അഞ്ച് രഥയാത്ര സംഘടിപ്പിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു. ഓരോ യാത്രയും കുറഞ്ഞത് 20-25 ദിവസമെങ്കിലും നീണ്ടുനില്‍ക്കും. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി 294 നിയമസഭാ മണ്ഡലങ്ങളിലും രഥയാത്ര കടന്നുപോവും- ബിജെപിയുടെ മുതിര്‍ന്ന നേതാവ് പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 42 സീറ്റുകളില്‍ 18 ഇടത്ത് ബിജെപി വിജയിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ 294 സീറ്റില്‍ 200 സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികളെയടക്കം മമത സ്വാഗതം ചെയ്തിരുന്നു. എന്നാല്‍, മമതയുടെ ആവശ്യം സിപിഎം- കോണ്‍ഗ്രസ് സഖ്യം തള്ളിയിരുന്നു. കോണ്‍ഗ്രസ്, സിപിഎം സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുയാണ്.

Tags: