ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തി; ബംഗാളി താരത്തിനെതിരേ പരാതിയുമായി ബിജെപി നേതാവ്

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 295 എ പ്രകാരം താങ്കള്‍ കുറ്റം ചെയ്തു. അതിന്റെ പ്രത്യാഘാതം അനുഭവിക്കാന്‍ തയ്യാറാകൂ എന്നായിരുന്നു പരാതിയുടെ പകര്‍പ്പുള്‍പ്പടെയുള്ള തഥാഗത് റോയിയുടെ ട്വീറ്റ്. കൊല്‍ക്കത്ത പോലിസിനാണ് താനിക്കാര്യത്തില്‍ പരാതി നല്‍കിയത്.

Update: 2021-01-18 07:27 GMT

കൊല്‍ക്കത്ത: ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന മീം ട്വിറ്ററില്‍ ഷെയര്‍ ചെയ്യുന്നുവെന്നാരോപിച്ച് ബംഗാളി ടെലിവിഷന്‍ താരവും ഗായികയുമായ സായോനി ഘോഷിനെതിരേ ബിജെപി നേതാവ് പോലിസില്‍ പരാതി നല്‍കി. മുതിര്‍ന്ന ബിജെപി നേതാവും മേഘാലയ മുന്‍ ഗവര്‍ണറുമായ തഥാഗത് റോയ് ആണ് താരത്തിനെതിരേ പോലിസില്‍ പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 295 എ പ്രകാരം താങ്കള്‍ കുറ്റം ചെയ്തു. അതിന്റെ പ്രത്യാഘാതം അനുഭവിക്കാന്‍ തയ്യാറാകൂ എന്നായിരുന്നു പരാതിയുടെ പകര്‍പ്പുള്‍പ്പടെയുള്ള തഥാഗത് റോയിയുടെ ട്വീറ്റ്. കൊല്‍ക്കത്ത പോലിസിനാണ് താനിക്കാര്യത്തില്‍ പരാതി നല്‍കിയത്.

സംഭവത്തില്‍ റോയ്‌യെ കൂടാതെ ബംഗളൂരു സ്വദേശിയും ഘോഷിനെതിരേ പരാതി നല്‍കിയിട്ടുണ്ട്. അസം പോലിസ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുകയും റിമാന്‍ഡിനായി ആവശ്യപ്പെടുകയും ചെയ്യുമെന്നാണ് കരുതുന്നത്. ബംഗളൂരുവില്‍നിന്ന് മറ്റൊരാളും ഇക്കാര്യത്തില്‍ പോലിസിന് പരാതി നല്‍കിയതായി റോയ് അറിയിച്ചു. അതേസമയം, വിവാദമായ മീം താന്‍ പോസ്റ്റ് ചെയ്തതല്ലെന്നും അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നും ഘോഷ് പറഞ്ഞു. 2015 ഫെബ്രുവരിയിലേതാണ് ട്വീറ്റ്. അത് അങ്ങേയറ്റം വെറുപ്പുളവാക്കുന്നതാണ്.

2010 മുതല്‍ താന്‍ ട്വിറ്റര്‍ ഉപയോഗിച്ചിരുന്നു. പിന്നീട് അത് കൈകാര്യം ചെയ്യാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. 2017ലാണ് താന്‍ ട്വിറ്ററിലേക്ക് വീണ്ടും തിരിച്ചെത്തിയത്. അനാവശ്യമായി ശ്രദ്ധയില്‍പ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്തിരുന്നു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. അത് തിരിച്ചെടുക്കാന്‍ ശ്രമം തുടരുകയാണ്. മീം താന്‍ പോസ്റ്റ് ചെയ്തത് അല്ലെന്നും നടി ട്വീറ്റ് ചെയ്തു. ശിവഭക്തനായ താനുള്‍പ്പെടെയുള്ള ഹിന്ദുമതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണ് പോസ്‌റ്റെന്നും സായോനിക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നുമാണ് ബിജെപി നേതാവിന്റെ പരാതിയിലുള്ളത്.

Tags: